അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ പകുതി ടിക്കറ്റ് യുവാക്കൾക്കെന്ന് കോൺഗ്രസ്
text_fieldsഉദയ്പുർ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലും സ്ഥാനാർഥികളിൽ പകുതി 50 വയസ്സിൽ താഴെയുള്ളവരാകണമെന്ന് കോൺഗ്രസ് നിശ്ചയിച്ചു. പാർട്ടിയുടെ ലോക്സഭ, നിയമസഭാംഗങ്ങൾക്കും മറ്റു പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്കും വിരമിക്കൽപ്രായം നിശ്ചയിക്കും.
പഴയതലമുറയും പുതുതലമുറയുമായി ദീർഘകാലമായി തുടരുന്ന ഏറ്റുമുട്ടലിനൊടുവിൽ കോൺഗ്രസിന്റെ നിയന്ത്രണം യുവനിര കൈയടക്കുന്നതിന്റെ വ്യക്തമായ സൂചനകൂടിയാണ് നവസങ്കൽപ് ശിബിരത്തിലെ ഈ തീരുമാനം. യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കിന്റെ കൂടി പശ്ചാത്തലം ഇതിനുണ്ട്.
പാർട്ടി അധികാരത്തിൽ വരുന്ന ഇടങ്ങളിലെ മന്ത്രിസഭാംഗങ്ങളിൽ പകുതി 50 വയസ്സിൽ താഴെയുള്ളവർക്ക് നൽകും. പരിചയസമ്പന്നത നേടിയ മുതിർന്നവരെ പാർട്ടി പ്രവർത്തനത്തിൽ കൂടുതലായി നിയോഗിക്കും. യുവനിര പ്രാദേശികതലത്തിലും മറ്റും കലാകായിക മേളകൾ തുടങ്ങി യുവാക്കളുടെ കൂട്ടായ്മകളിൽ സജീവമാകണം. സംഘ്പരിവാർ സാമൂഹികാന്തരീക്ഷം മോശമാക്കുന്നുവെന്നിരിക്കെ, പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സൗഹാർദാന്തരീക്ഷം നൽകുന്നവിധം സദ്ഭാവന ദൗത്യം യുവനിര ഏറ്റെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പാർലമെന്റിൽ 33 ശതമാനം വനിതസംവരണം നടപ്പാക്കാൻ ഭരണഘടനാഭേദഗതിക്ക് സമ്മർദം ഉയർത്തും. കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ പട്ടികവിഭാഗ ക്ഷേമത്തിന് ഉപപദ്ധതി കൊണ്ടുവരണമെന്ന ആവശ്യം മുന്നോട്ടുവെക്കും. ബി.ജെ.പിയുടെ വിഭാഗീയ അജണ്ടകളെ പ്രതിരോധിക്കുന്നവിധം 'ജോഡോ ഇന്ത്യ' (ഇന്ത്യയെ ഒന്നിപ്പിക്കുക) എന്നതാണ് 'നവസങ്കൽപ്' ശിബിരം മുന്നോട്ടുവെച്ച മുദ്രാവാക്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.