ഹിജാബ് വിവാദം; ദാമോഹ് സ്കൂൾ പൊളിക്കാൻ ബുൾഡോസറുകൾ ഇറക്കി ബി.ജെ.പി സർക്കാർ, തടഞ്ഞ് വിദ്യാർഥികൾ
text_fieldsഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശിൽ ഹിജാബ് വിവാദം ആളിക്കത്തിച്ച് ബി.ജെ.പി സർക്കാർ. ദമോഹിലെ മുസ്‍ലിം മാനേജ്മെന്റിന് കീഴിലുള്ള ഗംഗ യമുന എച്ച്.എസ് സ്കൂളിലെ അമുസ്‍ലിം വിദ്യാർഥിനികളുടെ ഹിജാബണിഞ്ഞുള്ള ചിത്രങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. വിവാദം കൊഴുത്തതോടെ സ്കൂൾ പൊളിക്കാൻ ബുൾഡോസറുകളെ ഇറക്കുകയായിരുന്നു മുനിസിപ്പൽ ഭരണകൂടം.
12ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. വിജയിച്ച ഹിന്ദു കുട്ടികളുടെ ഹിജാബ് അണിഞ്ഞുള്ള ചിത്രങ്ങളും പോസ്റ്ററിൽ ഇടംപിടിച്ചിരുന്നു. അമുസ്‍ലിം വിദ്യാർഥികളെ ഹിജാബ് ധരിക്കാൻ മാനേജ്മെന്റ് നിർബന്ധിക്കുന്നെന്നും മതപരിവർത്തനത്തിന് ശ്രമിക്കുന്നെന്നുമുള്ള ആരോപണവുമായി ബി.ജെ.പി അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതോടെ ദമോഹ് ജില്ല മജിസ്ട്രേറ്റ് മായങ്ക് അഗർവാൾ ജില്ല വിദ്യാഭ്യാസ ഓഫിസർ എസ്.കെ മിശ്രയോടും പൊലീസിനോടും വിശദീകരണം തേടിയിരുന്നു. എന്നാലിദ്ദേഹം സ്കൂളിന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
ഇതോടെ പ്രകോപിതരായ ബി.ജെ.പി പ്രാദേശിക നേതാക്കളായ അമിത് ബജാജ്, സന്ദീപ് ശർമ, മോണ്ടി റെയ്ക്‍വാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ‘ജയ് ശ്രീറാം’ വിളിച്ച് ഡി.ഇ.ഒ മിശ്രക്ക് നേരെ മഷിയെറിഞ്ഞു. ജില്ല ഭരണകൂടത്തിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാക്കൾ സ്കൂളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും മൂന്ന് അധ്യാപികമാർ ഇസ്‍ലം മതം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപിച്ചു. എന്നാൽ, തങ്ങൾ സ്കൂളിൽ വന്ന ശേഷം മതം മാറിയതല്ലെന്നും വിവാഹശേഷം മാറിയതാണെന്നും അധ്യാപികമാർ വിശദീകരിച്ചു.
ഇതിനിടെ, സ്കൂളിന്റെ അംഗീകാരം സംസ്ഥാന വിദ്യാഭ്യാസ ബോർഡ് താൽക്കാലികമായി റദ്ദാക്കി. കലക്ടർ ക്ലീൻചിറ്റ് നൽകിയ നടപടി വിദ്യാഭ്യാസ ബോർഡിന്റെ നടപടിയേക്കാൾ മുകളിലല്ലെന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പാർമർ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പൊലീസിന് നിർദേശം നൽകി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്നെ സംഭവത്തിൽ ഇടപെടുകയും സ്കൂളുമായി ബന്ധപ്പെട്ട് മതപരിവർത്തനം, ഭൂമി കൈയേറ്റം, ജി.എസ്.ടി വെട്ടിപ്പ് എന്നിവയിൽ അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിർദേശം നൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെയാണ് സ്കൂളിൽ അനധികൃത കെട്ടികങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ബുൾഡോസറുമായി മുനിസിപ്പൽ ഭരണകൂടം പ്രദേശത്ത് എത്തിയത്. എന്നാൽ സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും സംഘടിച്ച് ബുൾഡോസറുകൾ തടയുകയായിരുന്നു. ‘വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ഒരു ചെറിയ പ്രശ്നം ഇത്രമാത്രം വലുതാക്കിയത് മനപ്പൂർവ്വമാണ്. കുട്ടികൾ അവിടെ പഠിക്കാൻ തുടങ്ങിയിട്ട് 12 വർഷമായി. അരുതാത്തതൊന്നും ഞങ്ങൾ കേട്ടിട്ടില്ല. തെറ്റുകൾ ആരോപിക്കുന്നവരെ ദയവായി ഞങ്ങളുടെ മുമ്പിൽ കൊണ്ടുവരിക. അവർ എന്താണ് പറയുന്നതെന്ന് ഞങ്ങൾക്ക് അറിയണം’-ഒരു രക്ഷിതാവ് പറഞ്ഞു.
തുടർന്ന് വൻ പൊലീസ് സംഘത്തെ സ്ഥലത്തെത്തിച്ച് സ്കൂളിലെ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൊളിക്കുകയും ചെയ്തു. 2010ലാണ് ഗംഗാ ജമുന വെൽഫെയർ സൊസൈറ്റി സ്കൂൾ സ്ഥാപിച്ചത്. ദാമോഹയുടെ ഫുതേര വാർഡിലെ ഏക ഇംഗ്ലീഷ് മീഡിയം സ്കൂളാണിത്. നിലവിൽ സ്കൂളിൽ പഠിച്ചിരുന്ന 1200 വിദ്യാർഥികളുടെ ഭാവി തുലാസിലാണ്. ഇവരെ ഇനി മറ്റൊരു സ്കൂളിലും ചേർക്കാനാവില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.