ജിന്ന വിവാദം: അക്രമം മുൻകൂട്ടി തീരുമാനിച്ചതെന്ന് ഹാമിദ് അൻസാരി
text_fieldsന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയിൽ ഹിന്ദു യുവ വാഹിനി പ്രവർത്തകർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് കാമ്പസിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മുൻ ഉപരാഷ്്ട്രപതി ഹാമിദ് അൻസാരി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. കാമ്പസിൽ നടക്കുന്ന സമാധാന പ്രതിഷേധങ്ങൾ അഭിനന്ദനീയമാണെന്നും തന്നെ ആദരിക്കാൻ തീരുമാനിച്ചതിൽ നന്ദി അറിയിച്ച് വിദ്യാർഥി യൂനിയൻ നേതാവിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. മേയ് രണ്ടിന് വിദ്യാർഥി യൂനിയനിൽ ഹാമിദ് അൻസാരിക്ക് ആജീവനാന്ത അംഗത്വം നൽകുന്ന ചടങ്ങിന് തൊട്ടുമുമ്പാണ് ഹിന്ദു യുവ വാഹിനി പ്രവർത്തകർ സർവകലാശാലയിലേക്ക് ആയുധങ്ങളുമായെത്തി അക്രമം അഴിച്ചുവിട്ടത്.
സർവകലാശാലയിലെ കെന്നഡി ഒാഡിറ്റോറിയത്തിൽ അന്നേദിവസം പ്രഖ്യാപിച്ച ചടങ്ങ് എല്ലാവർക്കുമറിയാം. അതിനുവേണ്ട സുരക്ഷയും ഒരുക്കിയിരുന്നു. എന്നിട്ടും താൻ താമസിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്തുവരെ അക്രമികൾ എത്തിയ സംഭവം ദുരൂഹമാണ്. അക്രമം ആസൂത്രിതമാണ്. കാമ്പസിൽ നടക്കുന്ന സമാധാനപരമായ പ്രതിഷേധം അഭിനന്ദനീയമാണ്. എന്നാൽ, സമരം പഠനത്തെ ബാധിക്കരുതെന്നും അലീഗഢ് സർവകലാശാല മുൻ വൈസ് ചാൻസലർകൂടിയായ ഹാമിദ് അൻസാരി വ്യക്തമാക്കി.
ജിന്നയുടെ ചിത്രമല്ല പ്രശ്നമെന്നും ഇന്ത്യയിലെ അറിയപ്പെടുന്ന ന്യൂനപക്ഷ സ്ഥാപനത്തെ തകർക്കലാണ് ചിലരുടെ ലക്ഷ്യമെന്നും സർവകലാശാല മുൻ വൈസ് ചാൻസലർ റിട്ട. െലഫ്. ജനറൽ സമീറുദ്ദീൻ ഷാ പറഞ്ഞു.
കാമ്പസിലെ അക്രമങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് പെൺകുട്ടികളടക്കം ആറ് വിദ്യാർഥി യൂനിയൻ നേതാക്കൾ ശനിയാഴ്ച രാത്രി മുതൽ അനിശ്ചിതകാല റിലേ നിരാഹാരം ആരംഭിച്ചു. പരീക്ഷകൾ തടസ്സപ്പെടുത്തില്ലെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. എൻജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്നതിനാൽ കഴിഞ്ഞ 11 ദിവസമായി അടഞ്ഞുകിടക്കുന്ന പ്രധാന ഗേറ്റ് തുറക്കാനും സമരക്കാർ അനുവദിച്ചു. വിദ്യാർഥി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ വൈസ് ചാൻസലർ താരീഖ് മൻസൂർ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ചു.
1938 മുതൽ ജിന്നയുടെ ഛായാചിത്രം കാമ്പസിലുണ്ട്. ഇതുവരെ പ്രശ്നമുണ്ടായിരുന്നില്ല. ഇപ്പോഴുണ്ടായ പ്രശ്നങ്ങൾക്ക് കാരണം ബി.ജെ.പി എം.പി ഗൗതം സിങ്ങിെൻറ ഇടപെടലാണെന്നും അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദു യുവ വാഹിനി പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.