ഭോപാൽ ദുരന്ത പോരാട്ട നായിക ഹമീദാ ബി അന്തരിച്ചു
text_fieldsഭോപാൽ: വിഷവാതക ദുരന്തത്തിലെ ഇരകൾക്ക് നീതി തേടി ശബ്ദമുയർത്തിയ ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഗതെൻറ (ബി.ജി.പി.എം.യു.എസ്) മുൻനിര പോരാളി ഹമീദാ ബി ഓർമയായി. 74 വയസ്സായിരുന്നു.
യൂനിയന്‍ കാര്‍ബൈഡ് പ്ലാൻറിലെ വാതകചോർച്ച മൂലമുണ്ടായ ദുരന്തത്തിൽ ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട അവർ 1984 മുതൽ ഓരോ നിമിഷവും ജീവിച്ചത് ഇരകൾക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കു വേണ്ടി വാദിച്ചുകൊണ്ടാണ്.
സമരത്തിന് കരുത്ത് പകർന്നിരുന്ന ഭർത്താവ് ഇദ്രീസിെൻറ മരണ ശേഷവും അവർ പോരാട്ടം തുടർന്നു. ദുരന്ത ഇരകളെ സംഘടിപ്പിച്ച് നഗരത്തിലും രാജ്യതലസ്ഥാനത്തും സമരങ്ങൾ നടത്തി. വിവിധ രാജ്യങ്ങളിൽ നടന്ന ഐക്യദാർഢ്യ സംഗമങ്ങളിലും അവരെത്തി നാടിെൻറ വേദനകൾ പങ്കുവെച്ചു. ദുരന്തം ഏൽപിച്ച ആഘാതവും വാർധക്യവും മൂലം തളർന്ന് ശയ്യയിലായ ഘട്ടത്തിലും ഇരകൾക്കുവേണ്ടി അവർ വാദിച്ചു.
സംഗതൻ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ ഖാൻ കഴിഞ്ഞ വർഷം മരിച്ചതോടെ ആ ചുമതലയും ഹമീദ ഏറ്റെടുത്തു. 1986 ജനുവരി 23 മുതല്‍ എല്ലാ ശനിയാഴ്ചയും ഭോപാലിലെ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം നടത്തിയിരുന്ന പ്രതിവാര യോഗത്തിലെത്തി ജനങ്ങൾക്ക് കരുത്തു പകർന്ന ഹമീദ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി തുറന്ന സംഗതെൻറ സ്വാഭിമാന്‍ കേന്ദ്രത്തിലെ പ്രധാന ചാലകശക്തിയുമായിരുന്നു.
രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ വ്യവസായിക ദുരന്തത്തിലെ ഇരകൾക്കായി അവർ നടത്തിയ സമർപ്പണവും പോരാട്ടവും ഏക്കാലവും സ്മരിക്കപ്പെടുമെന്ന് സംഘടന കോ കണ്‍വീനറും മലയാളിയുമായ എന്‍.ഡി. ജയപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.