ഗോമൂത്രം ഉപയോഗിച്ച് സാനിറ്റൈസർ; അടുത്തയാഴ്ച വിപണിയിലെത്തിക്കുമെന്ന് ഗുജറാത്ത് കമ്പനി
text_fieldsഅഹമദാബാദ്: ഗുജറാത്തിൽ കോവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് സാനിറ്റൈസർ. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറിന് ബദലായി പ്രകൃതി ദത്തമായി നിർമിക്കുന്ന ഗോമൂത്ര സാനിറ്റൈസർ ലൈസൻസ് ലഭിച്ചശേഷം അടുത്തയാഴ്ച വിപണിലെത്തിക്കുമെന്ന് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി അറിയിച്ചു.
മിഷൻ വിഷൻ ഓഫ് രാഷ്ട്രീയ കാമധേനു ആയോഗ് സംഘടിപ്പിച്ച ദേശീയ വെബിനാറിൽ രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ ഉൽപ്പന്നം പരിചയപ്പെടുത്തി. ഗോ സെയ്ഫ് എന്ന ബ്രാൻഡിലാണ് ഉൽപ്പന്നം പുറത്തിറക്കുക.
ജാംനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിത കോർപറേറ്റീവ് സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലിയാണ് ഹാൻഡ് സാനിറ്റൈസർ നിർമിക്കുന്നത്. ഗോ സേയ്ഫിന് അടുത്തയാഴ്ചയോടെ ലൈസൻസ് ലഭിക്കുമെന്ന് കോഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ മനീഷ ഷാ പറഞ്ഞു. ഗോമുത്രത്തിനൊപ്പം തുളസിയും വേപ്പിലയും ചേർത്താണ് സാനിറ്റൈസർ നിർമികകുന്നത്. ഈ കോർപറേറ്റീവ് സൊസൈറ്റിതന്നെ ലോക്ഡൗൺ സമയത്ത് ഗോമൂത്രം ഉപയോഗിച്ച് തറ വൃത്തിയാക്കുന്ന സാനിറ്റൈസർ ഗോ പ്രൊട്ടക്റ്റും മുറി വൃത്തിയാക്കുന്ന ലിക്വിഡ് ഗോ ക്ലീനും പുറത്തിറക്കിയിരുന്നു.
നേരത്തേ രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ വിതരണ കമ്പനി ചാണകവും പേപ്പറും ഉപയോഗിച്ച് നിർമിച്ച മാസ്ക് വിപണിയിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.