'ബലാത്സംഗക്കുറ്റവാളികളെ പൊതുമധ്യത്തിൽ തൂക്കിക്കൊല്ലണം' -മധ്യപ്രദേശ് മന്ത്രി
text_fieldsഭോപാൽ: ബലാത്സംഗക്കേസിലെ കുറ്റക്കാരെ പൊതുജനമധ്യത്തിൽ തൂക്കിലേറ്റണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂർ. ഇത്തരം ശിക്ഷകൾ നൽകിയാൽ മാത്രമേ മറ്റുള്ളവർക്ക് ഇതൊരു പാഠമാകൂ. പിന്നീട് ആരും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ധൈര്യപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
ഖൻദ്വ ജില്ലയിൽ ഈയാഴ്ചയാദ്യം നാലു വയസുകാരിയെ പീഡിപ്പിച്ച വാർത്ത പുറത്തു വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം.
മധ്യപ്രദേശ് സർക്കാർ ഇത്തരം കിരാതൻമാരെ ശക്തമായും ജാഗ്രതയോടെയും നേരിടുന്നുണ്ട്. ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഏർപ്പാടാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതുവരെ 72 ക്രിമിനലുകൾക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും സാംസ്കാരിക- ടൂറിസം വകുപ്പ് മന്ത്രി പറഞ്ഞു.
എന്നിട്ടും ഇത്തരം സംഭവങ്ങൾ തുടരുന്നുവെന്നത് സമൂഹത്തെ കുറിച്ച് ആശങ്കയുളവാക്കുന്നതാണ്.
നാം സമൂഹത്തെ പലവിധത്തിൽ ബോധവത്കരിക്കണം. എങ്ങനെയാണ് ഒരാൾക്ക് ഇത്തരം ക്രൂരകൃത്യങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നത്? ഇത്തരം ക്രിമിനലുകൾക്ക് പൊതുമധ്യത്തിൽ കനത്ത ശിക്ഷ നൽകണമെന്ന് ഞാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് അപേക്ഷിക്കുകയാണ്. പ്രതിക്ക് ജയിലിൽ വധശിക്ഷ നൽകിയാൽ ആരും അറിയാൻ പോകുന്നില്ല. ഇവിടെ നടന്ന സംഭവത്തിലെ പ്രതികളെ പൊതു മധ്യത്തിൽ തൂക്കിക്കൊന്നാൽ, ഇതേ ക്രിമിനൽ മനസുള്ള എല്ലാവരും ഏതൊരു മകളെയും തൊടുന്നതിന് മുമ്പ് ആയിരം തവണ ആലോചിക്കും. - ഉഷ താക്കൂർ പറഞ്ഞു.
ഈയടുത്താണ് ഖൻദ്വയിൽ നാലു വയസുകരിയെ ബലാത്സംഗം ചെയ്ത് കരിമ്പ്തോട്ടത്തിൽ ഉപേക്ഷിച്ചത്. തിങ്കളാഴ്ചയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇൻഡോറിലെ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാളെ വോറൊരു ബലാത്സംഗക്കേസിലും പിടികൂടിയിട്ടുണ്ട്. ഈ സംഭവങ്ങളാണ് മന്ത്രി പരാമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.