മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് എം.പി-എം.എൽ.എ ദമ്പതികൾ; നല്ല 'പ്രസാദം' തരുമെന്ന് ശിവസേന
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വന്തം വീടായ മാതോശ്രീക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് അമരാവതിയിൽനിന്നുള്ള സ്വതന്ത്ര എം.പിയായ നവനീത് റാണയും ഭർത്താവും എം.എൽ.എയുമായ രവി റാണയും. ഇവരുടെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ വൻ പ്രതിഷേധവുമായി ശിവസേന പ്രവർത്തകർ. മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലിയാൽ അപ്പോൾ കാണാമെന്ന് ശിവസേന പ്രവർത്തകർ വെല്ലുവിളിച്ചു. എം.പി നവനീത് റാണയുടെയും ഭർത്താവ് എം.എൽ.എ രവി റാണയുടെയും മുംബൈയിലെ അപ്പാർട്ട്‌മെന്റിന് പുറത്ത് ശിവസേന പ്രവർത്തകർ രാവിലെ തടിച്ചുകൂടി. ദമ്പതികൾ ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ശിവസേന പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
ശിവസേന പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് സബർബൻ ഖാറിലെ നിയമസഭാംഗ ദമ്പതികളുടെ വസതിയുടെ വളപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ശിവസേന പ്രവർത്തകരെ കൂടുതൽ മുന്നോട്ട് പോകുന്നതിൽ നിന്ന് തടയുകയും ചെയ്തു.
'മാതോശ്രീ'ക്ക് പുറത്ത് പൊലീസ് സുരക്ഷ വർദ്ധിപ്പിക്കുകയും തിരക്ക് ഒഴിവാക്കാൻ താക്കറെ വസതിയിലേക്ക് പോകുന്ന റോഡിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ശിവസേന പ്രവർത്തകർ ദമ്പതികളെ താമസസ്ഥലത്ത് നിന്ന് പുറത്തുപോകാൻ അനനുവദിക്കാത്തതിനെത്തുടർന്ന് ദമ്പതികളുടെ അപ്പാർട്ട്മെന്റിന് പുറത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. അതേസമയം, 'മാതോശ്രീ'യിൽ ഹനുമാൻ ചാലിസ ജപിക്കുമെന്ന് ദമ്പതികൾ ആവർത്തിച്ചു.
ശിവസേന പ്രവർത്തകർ ഇന്നലെ മുതൽ മാതോശ്രീക്ക് പുറത്ത് ക്യാമ്പ് ചെയ്യുകയാണ്. മുംബൈ മുൻ മേയറും ശിവസേന നേതാവുമായ കിഷോരി പെഡ്‌നേക്കർ പറഞ്ഞു, "റാണ ദമ്പതികളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചു. അവർ വരട്ടെ, അവരെ സ്വാഗതം ചെയ്യാനും അവർക്ക് 'പ്രസാദം' നൽകാനും ഞങ്ങൾ തയ്യാറാണ്.
സംസ്ഥാനത്ത് സേനയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ ഉപദ്രവിക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നും റാണസിനെയും എം.എൻ.എസ് മേധാവി രാജ് താക്കറെയെയും ചട്ടുകങ്ങളായി ഉപയോഗിക്കുകയാണെന്നും പാർട്ടി ആരോപിച്ചു.
ആരോ ആണ് അവരെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്. 'മാതോശ്രീ'യെ സംരക്ഷിക്കാൻ ശിവസേന പ്രവർത്തകർ ഇവിടെയുണ്ട്, ശിവസേന എം.പി അനിൽ ദേശായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.