ദമ്പതികളുടെ ഹനുമാൻ ചാലിസ: മുംബൈയിലെ സമാധാനം തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ശിവസേന മുഖപത്രം
text_fieldsമുംബൈ: മഹാരാഷ്ട്ര സർക്കാറിനെ താഴെയിറക്കാനാണ് ബി.ജെ.പി ഹനുമാൻ ചാലിസയുടെ പേരിൽ തർക്കം സൃഷ്ടിക്കുന്നതെന്ന് ശിവസേന മുഖപത്രം സാമ്ന. ഉദ്ധവ് താക്കറെയുടെ വസതിക്ക് പുറത്ത് എം.പി-എം.എൽ.എ ദമ്പതികൾ ചേർന്ന് ഹനുമാൻ ചാലിസ ചൊല്ലാൻ തീരുമാനിച്ചതിന് പിന്നിൽ ബി.ജെ.പിയാണെന്നും സാമ്ന കുറ്റപ്പെടുത്തി.
"ഹിന്ദുത്വത്തിന്റെ പേരിൽ ബി.ജെ.പി ഇളക്കി വിടുന്ന കലാപങ്ങളെ പിന്തുണക്കാൻ സാധിക്കുകയില്ല. ഉദ്ധവ് താക്കറെയുടെ വസതിക്ക് പുറത്ത് എം.പി-എം.എൽ.എ ദമ്പതികൾ ചേർന്ന് ഹനുമാൻ ചാലിസ ചൊല്ലാൻ തീരുമാനിച്ചതിന് പിന്നിൽ ബി.ജെ.പിയാണ്. ദമ്പതികളെ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ സമാധാനം തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്"- സാമ്ന എഡിറ്റോറിയൽ പറഞ്ഞു.
മുംബൈയിലെ സമാധാനം തകർക്കാനാണ് ഇതിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയുടെ നിർദേശമാണ് ശിവസേനയെ പ്രകോപിപ്പിക്കാൻ കാരണമെന്നും റാണ ദമ്പതികളെ അവരുടെ വീടിന് പുറത്തേക്കിറങ്ങാൻ പോലും ശിവസേന സമ്മതിച്ചില്ലെന്നും എഡിറ്റോറിയലിൽ പറയുന്നു.
എം.പി-എം.എൽ.എ ദമ്പതികളുടെ രാഷ്ട്രീയനിലപാടുകളിൽ യാതൊരു സ്ഥിരതയുമില്ല. പാർലമെന്‍റിൽ ശ്രീരാമന്‍റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് എതിർത്ത എം.പിയാണ് നവനീത് റാണ. എന്നാൽ ഇന്ന് ബി.ജെ.പിയുടെ നിർദേശപ്രകാരം ദമ്പതികൾ ഹനുമാൻ ചാലിസയുടെ പേരിൽ പ്രതിഷേധിക്കുന്നത് ആശ്ചര്യകരമാണെന്നും എഡിറ്റോറിയൽ ആരോപിച്ചു. സംവരണ സീറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ദമ്പതികൾ വ്യാജ ജാതി സർട്ടിഫിക്കറ്റ് നിർമിച്ചുവെന്നും സാമ്ന കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ച അമരാവതി എം.പി നവനീത് റാണയെയും ഭർത്താവും എം.എൽ.എയുമായ രവി റാണയെയും വീട്ടിൽ നിന്ന് പറുത്തു കടക്കാനാവാത്ത വിധത്തിൽ ശനിയാഴ്ച ശിവസേന പ്രവർത്തകർ ഉപരോധിച്ചിരുന്നു. ഇവരെ പിന്നീട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരേയും പിന്നീട് ബാന്ദ്രാ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.