മണ്ഡ്യയിൽ ഹനുമാൻ പതാക വിവാദം; പ്രതിഷേധക്കാർക്കു നേരെ ലാത്തിച്ചാർജ്
text_fieldsബംഗളൂരു: മണ്ഡ്യ കരഗൊഡു ഗ്രാമത്തിൽ അനധികൃതമായി സ്ഥാപിച്ച ഹനുമാൻ പതാക പൊലീസ് നീക്കിയതിനെതിരെ സംഘ്പരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധം മണ്ഡ്യയിലും ബംഗളൂരുവിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബംഗളൂരുവിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മണ്ഡ്യ ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നടത്തിയ ലാത്തിച്ചാർജിൽ രണ്ടുപേർക്ക് പരിക്കേറ്റു. കരഗൊഡു വില്ലേജിൽനിന്ന് കാൽനടയായെത്തിയായിരുന്നു പ്രതിഷേധം.
പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി നേതാക്കളായ സി.ടി. രവി, ഡോ. സി.എൻ. അശ്വത് നാരായൺ, ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കുമാരസ്വാമി കാവി ഷാൾ അണിഞ്ഞാണ് പ്രതിഷേധത്തിനെത്തിയത്. ‘ജയ് ശ്രീറാം’വിളിയോടെയായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ജനങ്ങളുടെ പ്രതിഷേധത്തിന് സർക്കാറാണ് വഴിവെച്ചതെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം അധികാരം ദുരുപയോഗം ചെയ്ത് സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി ഒമ്പതിന് മണ്ഡ്യ ബന്ദ് ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കരഗൊഡു വില്ലേജ് ഗ്രാമപഞ്ചായത്ത് പരിധിയിലെ 108 അടിയുള്ള കൊടിമരത്തിൽ ഹനുമാൻ പതാക സ്ഥാപിച്ചതാണ് വിവാദത്തിന്റെ തുടക്കം. ഗ്രാമീണരിൽ ചിലർ ഗ്രാമപഞ്ചായത്തിൽ പരാതിപ്പെട്ടതിനെ തുടർന്ന് താലൂക്ക് പഞ്ചായത്ത് എക്സി. ഓഫിസറുടെ നിർദേശ പ്രകാരം, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ പതാക നീക്കി. ഇതോടെ പ്രതിഷേധിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു.
ഹനുമാൻ പതാക ഉയർത്താൻ അനുമതിയുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ദേശീയപതാകയും കന്നഡ പതാകയും ഉയർത്താനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, ചിലർ ഹനുമാൻ പതാക ഉയർത്തുകയായിരുന്നു. കുമാരസ്വാമി രാഷ്ട്രീയ നേട്ടത്തിനായാണ് പ്രതിഷേധക്കാരെ പിന്തുണക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡ്യ മണ്ഡലത്തിൽ നേട്ടമുണ്ടാക്കുകയാണ് വിവാദത്തിന് പിന്നിലെ ലക്ഷ്യമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.