ദർഗയിൽ കാവി പതാക കെട്ടി; 30 പേർ അറസ്റ്റിൽ
text_fieldsവരാവൽ (ഗുജറാത്ത്): അനുമതിയില്ലാതെ നടത്തിയ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ വരാവൽ ടൗണിലെ ദർഗയിൽ കാവി പതാക സ്ഥാപിച്ചതിന് 30 പേർ അറസ്റ്റിൽ. വഖാരിയ ബസാറിലെ മഗ്രെബിഷ ബാപ്പു ദർഗയിലാണ് സംഭവം.
പതാക സ്ഥാപിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായതെന്ന് ഗിർ സോമനാഥ് പൊലീസ് സൂപ്രണ്ട് മനോഹർസിങ് ജദേജ പറഞ്ഞു. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, അനുമതിയില്ലാതെ ഘോഷയാത്ര നടത്തൽ എന്നിവക്കെതിരെ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ പ്രകാരം ദർഗക്ക് മുകളിൽ പതാക സ്ഥാപിച്ചതിന് എട്ട് പേരെയും അനുമതിയില്ലാതെ ഘോഷയാത്ര സംഘടിപ്പിച്ചതിന് 22 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
മതപതാകകൾ നീക്കി; കലാപം, 22 പേർ കസ്റ്റഡിയിൽ
അമരാവതി (മഹാരാഷ്ട്ര): അചൽപുരിൽ മതപതാക നീക്കം ചെയ്യുന്നതിനെച്ചൊല്ലി രണ്ട് സമുദായങ്ങൾ ഏറ്റുമുട്ടി. പരിക്കേറ്റവരുടെ എണ്ണം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച അർധരാത്രി നടന്ന സംഭവത്തെത്തുടർന്ന് ഇരു വിഭാഗത്തിലെയും 22 പേരെ കസ്റ്റഡിയിലെടുത്തു. നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. അമരാവതി ജില്ല ആസ്ഥാനത്തുനിന്ന് 48 കിലോമീറ്റർ അകലെ അചൽപുരിന്റെ പ്രധാന കവാടത്തിലെ ഖിഡ്കി ഗേറ്റിലും ദുൽഹ ഗേറ്റിലും ഉത്സവത്തോടനുബന്ധിച്ച് വിവിധ മതങ്ങളുടെ പതാകകൾ സ്ഥാപിക്കാറുണ്ട്. ഞായറാഴ്ച അർധരാത്രി, ചിലർ ചില പതാകകൾ നീക്കി. ഇത് വാക്കേറ്റത്തിനും കല്ലേറിനും ഇടയാക്കി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. പൊലീസിന്റെ ഇടപെടൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് ശശികാന്ത് സതവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.