ഹനുമാൻ ജയന്തിക്ക് ഒത്തുചേർന്ന് ഹിന്ദുക്കളും മുസ്ലിംകളും; ക്ഷേത്രത്തിൽ 35 വർഷമായി തുടരുന്ന ഇഫ്താർ വിരുന്ന്
text_fieldsപുണെ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമുദായിക സംഘർഷങ്ങൾ അരങ്ങേറുന്നതിനിടെ മഹാരാഷ്ട്രയിലെ പുണെയിൽ ഒരുമിച്ച് ഹനുമാൻ ജയന്തി ആഘോഷിച്ച് ഹൈന്ദവ-മുസ്‍ലിം സഹോദരൻമാർ. പുണെയിലെ സഖ്‍ലിപിർ തലീം രാഷ്ട്രീയ മാരുതി ക്ഷേത്രത്തിൽ ആരതി ഉഴിയുന്ന ചടങ്ങിൽ മുസ്‍ലിംകൾ പങ്കെടുക്കുന്നത് ഒരു ആചാരമാണ്. സഖ്‍ലിപിർ ബാബയുടെ പേരിലുള്ളതാണ് ക്ഷേത്രം. ഇദ്ദേഹത്തിന്റെ തന്നെ പേരിൽ ദർഗയും തൊട്ടടുത്തുണ്ട്.
'എല്ലാം ഞങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നു. സാമുദായിക സൗഹാർദ്ദത്തോടെ ജീവിക്കണമെന്ന സന്ദേശം യുവാക്കൾക്ക് നൽകാനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്'-ക്ഷേത്രത്തിലെത്തിയ ആതിക് സഈദ് പറഞ്ഞു. നാനാ പേട്ട് നിവാസികളായ നിരവധി മുസ്ലീം യുവാക്കൾ അദ്ദേഹത്തോടൊപ്പം ആരതിക്ക് മുമ്പ് ക്ഷേത്രം അലങ്കരിക്കാൻ സജീവമായിരുന്നു.
ക്ഷേത്രം സന്ദർശിച്ചതിന് ചില സുഹൃത്തുക്കൾ തന്നെ പരിഹസിക്കാറുണ്ടെന്ന് നാനാ പേട്ടിലെ മറ്റൊരു നിവാസിയായ യൂസഫ് ഷെയ്ഖ് പറഞ്ഞു. താൻ ഹൃദയം കൊണ്ട് മുസ്ലീമാണെന്നും നെറ്റിയിലെ ഒരു തിലകം അത് മാറ്റില്ലെന്നാണ് അവർക്ക് മറുപടി നൽകാറെന്ന് അദ്ദേഹം പറഞ്ഞു.
ദർഗയുടെ പരിപാലനം ഒരു ഹിന്ദുവാണ് നിർവഹിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്ര മൽവത്കർ പറഞ്ഞു. 'വീടിന് ചുറ്റും പള്ളിയില്ലാത്ത ആളുകളാണ് ബാങ്ക് വിളിയെ കുറിച്ച് പരാതിപ്പെടുന്നത്. ഞങ്ങളുടെ പ്രദേശത്ത് നാല് പള്ളികളുണ്ട്. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾ സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്. അതിനാൽ സമാധാനം തകർക്കാൻ ഇത് അനാവശ്യ വിവാദമാണ്'-ഉച്ചഭാഷിണി വിവാദത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി.
'വെള്ളിയാഴ്ച മുസ്‍ലിംകൾക്കായി ഞങ്ങൾ ക്ഷേത്രത്തിന് പുറത്ത് ഇഫ്താർ സംഘടിപ്പിച്ചു. 35 വർഷമായി ഞങ്ങൾ അത് ചെയ്യുന്നു. ക്ഷേത്രത്തിനുള്ളിൽ ഇഫ്താർ നടക്കുന്നുണ്ടെന്നും മാംസാഹാരം വിളമ്പിയെന്നും ചിലർ പ്രചരിപ്പിച്ചു. ഇത് ശരിയല്ല, ക്ഷേത്രത്തിന് പുറത്താണ് സംഭവം. പഴങ്ങൾ മാത്രമാണ് വിളമ്പിയത്. ആളുകൾ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ഞങ്ങൾ ഇതിൽ നിന്ന് പിന്തിരിയില്ല' -മാൽവത്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.