ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കിയാൽ രാഹുലിന് അയോധ്യ ക്ഷേത്രപരിസരത്ത് താമസസൗകര്യം തരാമെന്ന് പുരോഹിതൻ
text_fieldsഅയോധ്യ: ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കിയാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അയോധ്യ ക്ഷേത്ര പരിസരത്ത് താമസസൗകര്യം തരാമെന്ന വാഗ്ദാനവുമായി പുരോഹിതൻ. ഹനുമാൻഗർഹി ക്ഷേത്രത്തിലെ പുരോഹിതൻ മഹന്ത് സഞ്ജയ് ദാസ് ആണ് രാഹുലിനെ ക്ഷണിച്ചത്. എം.പി എന്ന നിലയിൽ ലഭിച്ച വസതി ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി ലോക്സഭ സെക്രട്ടേറിയറ്റ് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പുരോഹിതൻ അയോധ്യയിലേക്കുള്ള ക്ഷണം.
സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് ലോക്സഭ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മാർച്ച് 27നാണ് സർക്കാർ വസതി ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി രാഹുലിന് കത്ത് നൽകിയത്.
ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ ആവശ്യത്തോട് ട്വീറ്റിലൂടെ രാഹുൽ പ്രതികരിച്ചു. കഴിഞ്ഞ നാലു തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുത്തതിലും ഞാൻ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓർമകൾക്ക് കടപ്പെട്ടിരിക്കുന്നതും ജനങ്ങളോടാണ്. എന്റെ അവകാശങ്ങൾക്ക് മുൻവിധികളില്ല. തീർച്ചയായും നിങ്ങളുടെ കത്തിൽ അടങ്ങിയിരിക്കുന്ന ആവശ്യങ്ങൾ ഞാൻ പാലിക്കും - എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.
അതേസമയം, ലോക്സഭ സെക്രട്ടേറിയറ്റ് നടപടിയെ രൂക്ഷമായി വിമർശിച്ചും രാഹുലിനെ സ്വന്തം വസതിയിലേക്ക് സ്വാഗതം ചെയ്തും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. രാഹുലിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നാൽ അദ്ദേഹം മാതാവ് സോണിയ ഗാന്ധിക്കൊപ്പമോ തനിക്കൊപ്പമോ കഴിയുമെന്നും ഖാർഗെ വ്യക്തമാക്കി.
രാഹുലിനെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള സർക്കാരിന്‍റെ നീക്കത്തിൽ അപലപിക്കുന്നു. ഇത് ശരിയായ രീതിയല്ല. മൂന്ന്, നാല് മാസം വസതിയില്ലാതെ ഞങ്ങൾ കഴിഞ്ഞിട്ടുണ്ട്. ആറ് മാസത്തിന് ശേഷമാണ് എനിക്ക് വസതി ലഭിച്ചത്. മറ്റുള്ളവരെ അപമാനിക്കാനാണ് ഇപ്രകാരം ചെയ്യുന്നതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.