'മമത ബീഗം' പരാമർശം: ഇതാണോ നിങ്ങളുടെ വനിതാ ശാക്തീകരണമെന്ന് ബി.ജെ.പിയോട് കോൺഗ്രസ് നേതാവ്
text_fieldsഹൈദരാബാദ്: തെലുങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബൻഡി സഞ്ജയ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ 'മമത ബീഗം' എന്ന് പരിഹസിച്ചതിനെ കുറ്റപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് ഹനുമന്ത റാവു. 'ബേട്ടി ബചാവോ, ബേട്ടി പഠാവോ' എന്ന് പറഞ്ഞ് വനിതാ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ബി.ജെ.പിയുടെ മുതിർന്ന നേതാവ് വനിതകളെ അവഹേളിക്കുകയാണെന്ന് ഹനുമന്ത റാവു കുറ്റപ്പെടുത്തി.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിയെ നല്ലൊരു പാഠമാണ് മമത പഠിപ്പിച്ചതെന്നും ഹനുമന്ത റാവു ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിത് പിന്നാലെ ബംഗാളിൽ അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് മുഖ്യമന്ത്രി മമത ബാനർജിയെ 'മമത ബീഗം' എന്നും 'മമത ഖാൻ' എന്നും വിളിച്ച് സഞ്ജയ് പരിഹസിച്ചത്.
സമാന രീതിയിലുള്ള പ്രസ്താവനകൾ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ സുവേന്തു അധികാരിയും മമതക്കെതിരെ നടത്തിയിരുന്നു. ''മമത ബാനർജി 'ഈദ് മുബാറക്ക്' എന്ന് പറയാറുണ്ടായിരുന്നു, ഹോളി ആഘോഷിച്ച ആളുകളെ 'ഹോളി മുബാറക്ക്' പറഞ്ഞ് അഭിനന്ദിച്ചു. ബീഗത്തിന് നിങ്ങളുടെ വോട്ട് നൽകരുത്. വോട്ട് ചെയ്താൽ മിനി പാകിസ്താനായി മാറും. ബീഗത്തിന് സുഫിയാനെ അല്ലാതെ മറ്റാരെയും അറിയില്ല'' എന്നായിരുന്നു സുവേന്തു അധികാരി പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.