52 വർഷമായി ദേശീയപതാക ഉയർത്താത്തവരാണ് 'ഹർ ഘർ തിരങ്ക' കാമ്പയിനുമായി രംഗത്തുള്ളത് -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: 'ഹർ ഘർ തിരങ്ക' കാമ്പയിനിൽ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 52 വർഷമായി ദേശീയപതാക ഉയർത്താത്തവരാണ് ഹർ ഘർ തിരങ്ക കാമ്പയിനുമായി രംഗത്തുള്ളതെന്ന് രാഹുൽ പറഞ്ഞു. ആർ.എസ്.എസിനെ ഉദ്ദേശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
കർണാടക സന്ദർശനത്തിനിടെ ഹൂബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദർശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പോസ്റ്റ്. ഹൂബ്ലിയിൽ ദേശീയപതാക നിർമ്മിക്കുന്ന ഖാദിയിലെ ജോലിക്കാരെ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ത്രിവർണപതാക ഉയരങ്ങളിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിനാളുകളാണ് ജീവൻത്യജിച്ചത്.
എന്നാൽ, രാജ്യത്തെ ഒരു സംഘടന ഒരുകാലത്തും ത്രിവർണ്ണ പതാകയെ സ്വീകരിച്ചിരുന്നില്ല. നാഗ്പൂരിലെ ആസ്ഥാനത്ത് 52 വർഷമായി ത്രിവർണ്ണ പതാക ഉയർത്താത്ത അവർ നിരന്തരമായി അതിനെ അപമാനിക്കുകയായിരുന്നു. ഇപ്പോൾ അതേ സംഘടനയുടെ ആളുകൾ ത്രിവർണ്ണ പതാകയുടെ ചരിത്രം പഠിപ്പിക്കുന്നു. 'ഹർ ഘർ തിരങ്ക' കാമ്പയിനുമായി രംഗത്തെത്തുന്നു.
എന്തുകൊണ്ടാണ് ആർ.എസ്.എസ് 52 വർഷമായി ത്രിവർണ്ണ പതാക ഉയർത്തിയില്ല. ഇന്ത്യയിലേക്ക് പോളിസ്റ്റർ നിർമ്മിത ചൈനീസ് പതാകകൾ ഇറക്കുമതി ചെയ്ത് ഖാദി മേഖലയിലുള്ളവരുടെ തൊഴിൽ നഷ്ടമുണ്ടാക്കിയത് എന്തിനാണെന്നും രാഹുൽ ചോദിച്ചു. നേരത്തെ ജവർഹർലാൽ നെഹ്റു ദേശീയപതാകയുമായി നിൽക്കുന്നതിന്റെ ഫോട്ടോ രാഹുൽ ഗാന്ധി പങ്കുവെച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.