"കർഷകരുടെ പെൺമക്കളുടെ വിദ്യാഭ്യാസത്തിനായി രാജ്യസഭയിലെ ശമ്പളം സംഭാവന ചെയ്യും" -ഹർഭജൻ സിങ്
text_fieldsഹർഭജൻ സിങ്
ചണ്ഡീഗഡ്: കർഷകരുടെ പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി തന്റെ രാജ്യസഭയിലെ ശമ്പളം സംഭാവന ചെയ്യുമെന്ന് ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിങ് പ്രഖ്യാപിച്ചു. രാജ്യസഭാംഗമെന്ന നിലയിൽ രാജ്യത്തിന്റെ പുരോഗതിക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു രാജ്യസഭാംഗമെന്ന നിലയിൽ കർഷകരുടെ പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി തന്‍റെ രാജ്യസഭയിലെ ശമ്പളം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് താൻ രാജ്യസഭാംഗമായത്. തന്നെ കൊണ്ട് കഴിയും വിധത്തിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും, ജയ് ഹിന്ദ്"- അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക് ഹർഭജൻ സിങ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് 31ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർബജൻ സിങ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 117 സീറ്റിൽ 92 സീറ്റുകൾ നേടി എ.എ.പി കോൺഗ്രസിന് പരാജയപ്പെടുത്തി മിന്നും വിജയമാണ് പഞ്ചാബിൽ നേടിയത്.
2021 ഡിസംബറിൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഹർബജൻ മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചതോടെ ഹർബജൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് എ.എ.പി രാജ്യസഭയിലേക്ക് ഹർബജൻ സിങിനെ നോമിനേറ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.