മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നത് പ്രശ്നമല്ല; രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കും- ഹർഭജൻ സിങ്
text_fieldsന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുൻ ക്രിക്കറ്ററും എ.എ.പി എം.പിയുമായ ഹർഭജൻ സിങ്. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നത് പ്രശ്നമല്ലെന്നും പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്നുമാണ് ഹർഭജൻ സിങ്ങിന്‍റെ നിലപാട്.
പ്രതിഷ്ഠാ ചടങ്ങിൽ മറ്റ് പാർട്ടികൾ പോകുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. ഞാൻ എന്തായാലും പോകും. ഞാൻ പോകുന്നതിൽ ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർക്ക് അവർക്കിഷ്ടമുള്ളത് ചെയ്യാം-ഹർഭജൻ സിങ് പറഞ്ഞു.
ഈ സമയത്ത് ഈ ക്ഷേത്രം പണിയുന്നത് ഭാഗ്യമാണെന്നും അതിനാൽ എല്ലാവരും പോയി ശ്രീരാമനിൽ നിന്ന് അനുഗ്രഹം വാങ്ങണമെന്നും ഇതിനായിയാണ് രാമക്ഷേത്ര പ്രതിഷ്ഠക്ക് പോകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം താൻ കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദർശിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. ചടങ്ങിന് ശേഷം ധാരാളം ആളുകൾ രാമക്ഷേത്രം സന്ദർശിക്കാൻ പോകാനിടയുണ്ട്. അതുകൊണ്ട് അയോധ്യയിലേക്ക് കൂടുതൽ തീർഥാടക ട്രെയിനുകൾ ക്രമീകരിക്കാൻ ശ്രമിക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി.
ബി.ജെ.പി പരിപാടിയെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് മിക്ക പ്രതിപക്ഷ പാർട്ടികളും ജനുവരി 22 ലെ രാമക്ഷേത്ര ഉദ്ഘാടനം ബഹിഷ്‌കരിച്ചിരിക്കുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമായാണ് ബി.ജെ.പി തിടുക്കപ്പെട്ട് ക്ഷേത്രം തുറക്കുന്നതെന്നും ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.