കലാപക്കേസിൽ സ്റ്റേയില്ല; ഹർദിക് പട്ടേലിന് മത്സരിക്കാനാവില്ല
text_fieldsഅഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ പട്ടീദാർ നേതാവ് ഹർദിക് പട്ടേൽ മത്സരിക്കുന്നതിന് തടയിട്ട് ഹ ൈകോടതി. 2015ൽ സംവരണ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുണ്ടായ കലാപക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർദികിൻെറ ആവശ്യം ഗുജറാത്ത് ഹൈകോടതി നിരസിച്ചതോടെയാണ് ഹർദികിൻെറ സ്ഥാനാർഥി മോഹങ്ങൾക്ക് തിരിച്ചടിയായത്.
2015ൽ പട്ടീദാർ ക്വാട്ട ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭ സമയത്ത് നടന്ന മെഹ്സാനയിലെ കലാപത്തിലെ പ്രതിയാണ് ഹർദിക് പട്ടേൽ. ഈ കേസിൽ വിസ്നഗർ സെഷൻസ് കോടതി ഹർദികിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചിരുന്നു. 1951 ലെ ജനപ്രതിനിധി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഹർദികിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് എട്ടിന് ഹർദിക് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഹൈകോടതി വിധി അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പട്ടേൽ നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ നാലിനാണ് ഗുജറാത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. ഏപ്രിൽ 23ന് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. ഈ സമയത്തിനകം ഹർദികിന് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി നേടേണ്ടതുണ്ട്. ഹൈകോടതി തൻെറ കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന് ഹർദിക് നേരത്തേ ആവശ്യപ്പെട്ടിരുന്നു. തനിക്ക് വിജയസാധ്യതയുണ്ടെന്നും കേസിൽ സ്റ്റേ അനുവദിക്കണമെന്നും ഹർദിക് കോടതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഹർദികിനെതിരെ 24 കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയിൽ വ്യക്തമാക്കി. തുടർച്ചയായ കുറ്റകൃത്യങ്ങൾ ഹൈകോടതിയുടെ ജാമ്യ വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അടുത്തിടെ കോൺഗ്രസിൽ ചേർന്ന തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കാൻ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുകയാണെന്നാണ് ഹർദികിൻെറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.