ബി.ജെ.പിക്ക് പ്രശംസ; താൻ ശ്രീരാമഭക്തൻ; ഹാർദിക് പട്ടേൽ കോൺഗ്രസ് വിടുമോ?
text_fieldsബി.ജെ.പി നേതൃത്വത്തെ പ്രശംസിച്ച് ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ഹാർദിക് പട്ടേൽ. നേതൃഗുണമുള്ള രാഷ്ട്രീയക്കാർ ഉള്ളതിനാൽ ബി.ജെ.പി ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കഴിഞ്ഞദിവസം വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ബി.ജെ.പിയെ പ്രശംസിച്ച് യുവ നേതാവ് രംഗത്തെത്തിയത്.
ഇതോടെ ഹാർദിക് പട്ടേൽ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായി. വർഷാവസാനമാണ് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 'നമ്മുടെ എതിരാളികളുടെ ശക്തി നാം തിരിച്ചറിയണം, അവർ ശക്തരാണ്, ഒരിക്കലും വിലകുറച്ച് കാണരുത്' -ഹാർദിക് മാധ്യമങ്ങളോട് പറഞ്ഞു. സംവരണം ആവശ്യപ്പെട്ട് 2015ൽ പട്ടേലുകാർ നടത്തിയ സമരത്തിന് നേതൃത്വം നൽകിയതിലൂടെയാണ് ഹാർദിക് ശ്രദ്ധിക്കപ്പെടുന്നത്.
പ്രതിപക്ഷം എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടു. പ്രതിപക്ഷം ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാറിനു മുന്നിൽ അവതരിപ്പിക്കണമെന്നും അതിനുവേണ്ടി പോരാടണമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ അത് ചെയ്തില്ലെങ്കിൽ ജനം ആം ആദ്മി പാർട്ടിയെ പോലെയുള്ള ബദലുകൾ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു ശ്രീരാമ ഭക്തനാണ്.
'ഞങ്ങൾ ശ്രീരാമനിൽ വിശ്വസിക്കുന്നു. പിതാവിന്‍റെ ജന്മദിന വാർഷികത്തിൽ ഞാൻ ഭഗവത്ഗീതയുടെ 4000 കോപ്പികൾ വിതരണം ചെയ്യും. ഞങ്ങൾ ഹിന്ദുക്കളാണ്. അതിൽ അഭിമാനിക്കുന്നു' -ഹാർദിക് കൂട്ടിച്ചേർത്തു. പിന്നാലെ ഹാർദിക്കിനെ പ്രശംസിച്ച് ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ. പാട്ടീൽ രംഗത്തെത്തി. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ ഗുജറാത്തിൽ തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ് കോൺഗ്രസ്.
1995ലാണ് അവസാനമായി ഗുജറാത്തിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകുന്നത്. നേരത്തെ ഹാർദിക്കിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ആം ആദ്മിയും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.