‘എന്തുംകൊണ്ട് ഇങ്ങോട്ട് ഓടിവരേണ്ട, ബാലിശമായ കേസുകൾക്ക് ഫീസ് ഈടാക്കും’ - ലിവ് ഇൻ ബന്ധങ്ങളുടെ രജിസ്ട്രേഷന് നിയമം വേണമെന്ന ഹരജി തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ നിയമങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ബാലിശമായ ആശയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
രാജ്യത്ത് ലിവ് ഇൻ ബന്ധങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നതിന് നിർദേശം വേണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് പൊതുതാത്പര്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരുമിച്ച് താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷ ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യമുന്നയിച്ചിരുന്നു. ലിവ് ഇൻ പങ്കാളികൾക്കിടയിലെ കുറ്റകൃത്യങ്ങൾ കുറക്കാനാണ് ഈ ആശയമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഇത്? തോന്നുന്നതെല്ലാം കൊണ്ട് ആളുകൾ ഇങ്ങോട്ട് വരികയാണ്. ഇത്തരം കേസുകൾക്ക് ഇനി ഫീസ് ഈടാക്കാൻ തുടങ്ങും. ജനങ്ങൾ ലിവ് ഇൻ ബന്ധത്തിലാവുന്നതിൽ കേന്ദ്ര സർക്കാർ എന്തു ചെയ്യാനാണ്? -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.
നിങ്ങൾ ഇവർക്ക് സുരക്ഷ ലഭിക്കുന്നതിനു വേണ്ടിയാണോ അതോ ജനങ്ങൾ ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടാതിരിക്കാനാണോ ശ്രമിക്കുന്നത്? വെറും ബാലിശമാണിതെല്ലാം. ഹരജി തള്ളുന്നു - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ലിവ് ഇൻ ബന്ധങ്ങൾ കേന്ദ്രം രജിസ്റ്റർചെയ്യണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഏതർഥത്തിലാണ് നിങ്ങൾ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സാമൂഹിക സുരക്ഷയാണെന്ന് ഹരജിക്കാരൻ മറുപടി നൽകിയ ഉടൻ ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.