മുസ്ലിംകളെ കൂട്ടക്കൊല നടത്താൻ ആഹ്വാനം; മതനേതാക്കൾക്ക് പൊലീസ് നോട്ടീസ്
text_fieldsഡെറാഡൂൺ: ന്യൂനപക്ഷ ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത മതസമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ധർമ സൻസദ് പരിപാടിയിലാണ് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ അവർക്കെതിരെ ആയുധം പ്രയോഗിക്കണമെന്നുള്ള പരസ്യ ആഹ്വാനം ഉയർന്നത്. ഈ സമ്മേളനത്തിൽ പങ്കെടുത്ത ജിതേന്ദ്ര നാരായൺ ത്യാഗി, പൂജാ ശകുൻ പാണ്ഡേ (സാധ്വി അന്നപൂർണ) എന്നിവർക്കാണ് ഹരിദ്വാർ കൊട്വാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് അയച്ചത്.
വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഉൾപ്പെട്ടവരാണ് ഇവർ. ഉത്തർപ്രദേശ് ശിയ വഖഫ് ബോർഡ് അധ്യക്ഷനായിരുന്ന വസീം റിസ്വിയാണ് ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായൺ ത്യാഗിയായത്. എഫ്.ഐ.ആറിൽ പേരുള്ള ധരംദാസിനും നോട്ടീസ് അയക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥനായ രാകേന്ദർ സിങ് പറഞ്ഞു. മൗലാനമാർ ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ധർമ സൻസദ് സംഘാടകരായ അഞ്ചുപേർ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതായി രാകേന്ദർ സിങ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും അതിെൻറ അടിസ്ഥാനത്തിലേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന കാര്യം തീരുമാനിക്കൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനിടെ, നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനൊപ്പംനിന്ന് പൊട്ടിച്ചിരിക്കുന്ന വിഡിയോ പുറത്തായി. സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ചുപേരാണ് ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിലെ ദൃശ്യത്തിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥനായ രാകേന്ദർ സിങ്ങുമായി സംസാരിക്കുന്ന വിഡിയോയാണ് പുറത്തായത്. മൊബൈല്‍ ഫോണിൽ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.
ധര്‍മ സന്‍സദ് സംഘാടകനും ഹിന്ദുരക്ഷാ സേനാ നേതാവുമായ പ്രബോധാനന്ദ ഗിരി, മതനേതാവ് യതി നരസിംഹാനന്ദ്, സാധ്വി അന്നപൂര്‍ണ, ശങ്കരാചാര്യ പരിഷത് മേധാവി ആനന്ദ് സ്വരൂപ്, ജിതേന്ദ്ര നാരായണ്‍ എന്നിവർ വിഡിയോയിലുണ്ട്. പൊലീസുകാരന് നമ്മുടെ ഭാഗത്തായിരിക്കുമെന്ന് യതി നരസിംഹന് പറയുന്നതും അവിടെയുണ്ടായിരുന്നവര്‍ ചിരിക്കുന്നതും വിഡിയോയിലുണ്ട്. ഇവര്‍ പറയുന്നത് കേട്ട് പൊലീസുകാരൻ തലയാട്ടി ചിരിക്കുന്നതും കാണാം. ഡിസംബർ 17 മുതൽ 20 വരെയാണ് വിവാദ പരാമർശം ഉയർന്ന ധർമ സൻസദ് നടന്നത്. ഇതിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.