ഹരിദ്വാർ വിദ്വേഷ പ്രസംഗം: മതംമാറി ജിതേന്ദ്ര ത്യാഗിയായ വസീം റിസ്വി അറസ്റ്റിൽ
text_fieldsഹരിദ്വാർ: മതംമാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ച വസീം റിസ്വി ഹരിദ്വാറിലെ മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിൽ. 2021 ഡിസംബറിൽ ഹരിദ്വാറിൽ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന വിദ്വേഷ പ്രസംഗ സമ്മേളനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് യു.പി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ മേധാവി വസീം റിസ്വി പിടിയിലായത്. വസീം റിസ്വി എന്ന ജിതേന്ദ്ര നാരായൺ ത്യാഗിയെ അറസ്റ്റ് ചെയ്തതായി ഹരിദ്വാർ സിറ്റി എസ്.പി സ്വതന്ത്ര കുമാർ പറഞ്ഞു.
ഉത്തരാഖണ്ഡിലെ തീർത്ഥാടന നഗരമായ ഹരിദ്വാറിൽ ഡിസംബർ 17 മുതൽ 19 വരെ വിവാദ ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദാണ് വിദ്വേഷ പ്രസംഗ സമ്മേളനം സംഘടിപ്പിച്ചത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും മതകേന്ദ്രങ്ങൾ ആക്രമിക്കാനും സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ച തീവ്രഹിന്ദുത്വവാദികൾ ആഹ്വാനം ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ ഹരിദ്വാർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിന് വസീം റിസ്വി എന്ന ജിതേന്ദ്ര നാരായൺ ത്യാഗിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരുന്നു. റിസ്വിക്ക് പുറമേ ദസ്ന ക്ഷേത്രത്തിലെ പൂജാരിയും വിദ്വേഷ പ്രചാരകനുമായ യതി നരസിംഹാനന്ദ്, ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാന്‍ തുടങ്ങി 10 പേര്‍ക്കെതിരേയാണ് ഹരിദ്വാറിലെ ജ്വാലപൂര്‍ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
മുസ്ലിംകളുടെ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത് ഹരിദ്വാറിനുപുറമേ ഡൽഹിയിലും 'ധർമ സൻസദ്' (മത പാർലമെന്റ്) സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ കേന്ദ്രത്തിലെയും ഉത്തരാഖണ്ഡിലെയും സർക്കാറുകൾക്കും ഡൽഹി പൊലീസിനും കഴിഞ്ഞ ദിവസം സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഡൽഹിയിൽ യോഗി ആദിത്യനാഥിെൻറ ഹിന്ദു യുവവാഹിനിയും ഹരിദ്വാറിൽ യോഗി നരസിസംഗാനന്ദയും സംഘടിപ്പിച്ച ധർമ സൻസദുകൾക്കെതിരെ മുൻ പട്ന ഹൈകോടതി ജഡ്ജിയും മുതിർന്ന അഭിഭാഷകയുമായ അഞ്ജന പ്രകാശും മുതിർന്ന മാധ്യമപ്രവർത്തകൻ ഖുർബാൻ അലിയും സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി.
ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇവർക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ മുസ്ലിം ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത ഡൽഹിയിലെയും ഹരിദ്വാറിലെയും പ്രസംഗങ്ങൾ പകർത്തിയത് വായിച്ചുനോക്കാൻ ചീഫ് ജസ്റ്റിസിനോടും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ്ലി എന്നിവരോടും ആവശ്യപ്പെട്ടു. വായിച്ച് വിഷയം വൈകാരികമാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് സിബൽ വ്യക്തമാക്കി. ആൾക്കൂട്ട ആക്രമണത്തിനെതിരെ സുപ്രീംകോടതി വിധി ഉണ്ടെങ്കിലും ഒരു സമുദായത്തിനെതിരെ വംശീയ ആഹ്വാനം നടത്തുന്നത് രാജ്യത്തെ ഒരു കോടതിയും ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ബോധിപ്പിച്ചു.
10 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ നോട്ടീസ് അയക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകൾ കൂടി ഉണ്ടെങ്കിൽ അത് നോക്കുമെന്നും ചീഫ് ജസ്റ്റിസ് തുടർന്നു. എന്നാൽ, കേസ് അൽപം നേരത്തേ കേൾക്കണമെന്നും മെറ്റാരു 'ധർമ സൻസദ്' അലീഗഢിൽ ജനുവരി 26ന് സംഘടിപ്പിക്കുന്നുണ്ടെന്നും സിബൽ വാദിച്ചു. തിങ്കളാഴ്ച തന്നെ കേസ് വീണ്ടും പരിഗണിക്കണമെന്ന് സിബൽ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിരസിച്ചു. നടക്കാൻ പോകുന്ന 'ധർമസൻസദു'കൾക്കെതിരെ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സുപ്രീംകോടതി ഇനിയും പരിഗണിക്കാത്ത സമാനമായ ഹരജികൾ ഒപ്പം കേൾക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ ഇതുപോലെ എത്ര ഹരജികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 'സുദർശൻ' ചാനലിെൻറ വിദ്വേഷ പ്രസംഗമുണ്ടെന്ന് അഡ്വ. രാജും ആൾക്കുട്ട ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഒരു സമുദായത്തിനെതിരെ വംശീയാക്രമണത്തിന് ആഹ്വാനം ചെയ്തതിനെതിരെ മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി സമർപ്പിച്ച ഹരജിയുണ്ടെന്ന് ഇന്ദിര ജയ്സിങ്ങും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.