ഹരിദ്വാറിലെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം: രണ്ടാമതും കേസെടുത്തു
text_fieldsഡെറാഡൂൺ: ഹരിദ്വാറിൽ മത പാർലമെന്റിൽ ഹിന്ദുത്വ വാദികൾ മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തിൽ 10 പേർക്കെതിരെ രണ്ടാമതൊരു കേസുകൂടി എടുത്തു. ഹരിദ്വാർ സ്വദേശിയായ നദീംഅലിയുടെ പരാതിയിൽ ജ്വാലാപുർ പൊലീസ് കേസെടുത്തതായി സീനിയർ സബ് ഇൻസ്പെക്ടർ നിതേഷ് ശർമ അറിയിച്ചു. പരിപാടിയുടെ മുഖ്യ സംഘാടകനായ യതി നരസിംഹാനന്ദ് ഗിരി, ജിതേന്ദ്രനാരായൺ ത്യാഗിയായി മാറിയ വസീം റിസ്വി, സിന്ധു സാഗർ, ധർമദാസ്, പരമാനന്ദ, സാധ്വി അന്നപൂർണ, അശ്വിനി ഉപാധ്യായ്, സുരേഷ് ചൗഹാൻ, പ്രബോധാനന്ദ് ഗിരി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ജ്വാലാപുർ സ്റ്റേഷനിൽ എടുത്ത കേസ്, ആദ്യ കേസ് രജിസ്റ്റർ ചെയ്ത സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
കേസന്വേഷിക്കാൻ ഞായറാഴ്ച പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡസിംബർ 16 മുതൽ 19വരെയായി ഹരിദ്വാറിൽ നടന്ന മതപാർലമെന്റിൽ ഹിന്ദുത്വനേതാക്കൾ നടത്തിയ കടുത്ത വിദ്വേഷ പ്രസ്താവനകൾക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ, ഇവർക്കെതിരെ നടപടി എടുക്കാൻ ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാറിനുമേൽ സമ്മർദം ഉയർന്നിരുന്നു.
വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ ഡെറാഡൂണിലും ഹരിദ്വാറിലും പ്രകടനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.