ഹരിദ്വാർ വിദ്വേഷ പ്രസംഗം; ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്റ്റിൽ
text_fieldsഹരിദ്വാർ ധർമ സൻസദ് ഹിന്ദു സമ്മേളനത്തിൽ മുസ്‍ലിംകളെ കൊന്നൊടുക്കാൻ പുതിയ ആയുധങ്ങൾ കണ്ടെത്തണം എന്ന് പ്രസംഗിച്ച കേസിൽ മുൻ ശിയ വഖഫ് ബോർഡ് തലവൻ കൂടിയായിരുന്ന വസിം രിസ്വി എന്ന ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്റ്റിൽ. അടുത്തിടെയാണ് ഇയാൾ ഹിന്ദുമതത്തിൽ ചേർന്ന് ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി എന്ന പേര് സ്വീകരിച്ചത്.
വിവിധ ധർമ സൻസദുകളിൽ ഇയാളേക്കാൾ രൂക്ഷമായ ഭാഷയിൽ മുസ്‍ലിം വംശീയ ഉൺമൂലനത്തെക്കുറിച്ച് സംസാരിച്ചവർക്കെതിരെ നടപടിയെടുക്കാതെ വസിം രിസ്വി എന്ന നാരായൺ സിംഗ് ത്യാഗിക്കെതിരെ മാത്രം നടപടിയെടുത്തതിൽ പ്രതിഷേധവുമായി ഒരു കൂട്ടം രംഗത്തുവന്നിട്ടുണ്ട്. 'ഞങ്ങളുടെ പിന്തുണ കണക്കിലെടുത്താണ് അദ്ദേഹം ഹിന്ദുവായത്.
അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഉണ്ടാകും' -വിദ്വേഷ പ്രസംഗ പരമ്പര സംഘടിപ്പിച്ച നരസിംഹാനന്ദ് പറഞ്ഞു. വസിം രിസ്വിക്കെതിരെ ചുമത്തിയ കേസുകളിൽ താനും ഉൾപ്പെടുമെന്നും ഈ അറസ്റ്റ് നടത്തിയവരെ മരണമാണ് കാത്തിരിക്കുന്നതെന്നും നരസിംഹാനന്ദ് ഭീഷണിപ്പെടുത്തി. പൊലീസുകാരെ ഭീഷണി പെടുത്തുന്ന നരസിംഹാനന്ദയുടെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വംശീയ ഉന്മൂലത്തിന്റെ വിവാദ പരമാർശങ്ങൾ നടത്തിയ ഗാസിയബാദിലെ ദസ്നാ ദേവി ക്ഷേത്രത്തിലെ ചടങ്ങ് സംഘടിപ്പിച്ചത് നരസിംഹാനന്ദാണ് .
ത്യാഗിയെ റുർക്കിയിൽ വെച്ചാണ് അറസ്റ്റ് ചെയതെന്ന് ഹരിദ്വാർ പൊലീസ് സുപ്രണ്ടായ യോഗേന്ദ്ര റാവത്ത് അറിയിച്ചു. ത്യാഗി, നരസിംഹാനന്ദ്, അന്നപൂർണ്ണ എന്നിവരുൾപ്പടെ പത്തിലധികം പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും യോഗ്രേന്ദ്ര റാവത്ത് പറഞ്ഞു. കേസിൽ പൊലീസ് സ്വീകരിച്ച നടപടികളെകുറിച്ച് പത്ത് ദിവത്തിനകം സത്യവാങ് മൂലം സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചതിനു പിന്നാലെയാണ് ആദ്യ അറസ്റ്റ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.