ഹരിദ്വാർ വിദ്വേഷ പ്രസംഗം; പ്രതിഷേധം കനക്കുന്നു
text_fieldsന്യൂഡൽഹി: ഹരിദ്വാറിലെ ധര്‍മ സന്‍സദ് സന്യാസി സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ പ്രതിഷേധം കനക്കുന്നു. പ്രസംഗങ്ങൾക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കളും മുൻ സൈനിക മേധാവികളുമടക്കം നിരവധി പേർ രംഗത്തെത്തി.
നമ്മുടെ ജവാൻമാർ രണ്ട് വശങ്ങളിലും ശത്രുക്കളുമായി മുഖാമുഖം നിൽക്കുന്ന ഈ ഘട്ടത്തിൽ സമുദായങ്ങൾ തമ്മിൽ രക്തച്ചൊരിച്ചിലും അതുവഴി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ മുഖം നഷ്ടപെടേണായെന്ന് റിട്ട. അഡ്മിറൽ അരുൺ പ്രകാശ് ചോദിച്ചു. ഇതേ അഭിപ്രായവുമായി കാർഗിൽ യുദ്ധകാലത്തെ സൈനിക മേധാവിയായിരുന്ന റിട്ട. ജനറൽ പ്രകാശ് മാലികും രംഗത്തുവന്നു. വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.
ഒരു സമുദായത്തിനുനേരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസംഗം ഭരണഘടനയുടെയും നിയമത്തിെൻറയും ലംഘനമാണ്. മുൻ പ്രധാനമന്ത്രിയെ കൊലപ്പെടുത്താനും വിവിധ സമുദായങ്ങളിൽപ്പെട്ട ആളുകൾക്കെതിരെ അക്രമം അഴിച്ചുവിടാനും പരസ്യമായി ആഹ്വാനം ചെയ്യുന്നവർ രക്ഷപ്പെടുന്നത് നിന്ദ്യമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ഹിംസയും വെറുപ്പുമാണ് ഹിന്ദുത്വവാദികൾ എപ്പോഴും പരത്തിയതെന്നും എല്ലാ സമുദായങ്ങളും അതിെൻറ പേരിൽ അനുഭവിക്കേണ്ടിവരുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ഹിംസക്ക് എതിരായ ഇന്ത്യയിൽ ഇത് ഇനിയും സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോയും ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായതടക്കമുള്ള തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന പ്രസംഗങ്ങളാണ് പുറത്തുവന്നത്. ബി.ജെ.പി സർക്കാറിെൻറ സംരക്ഷണമുള്ളതുകൊണ്ടാണ് മൂന്നു ദിവസം വിദ്വേഷപ്രസംഗങ്ങൾ അവിടെ തുടരാൻ സാധിച്ചത്. വിഡിയോ പുറത്തുവന്നിട്ടും ആളുകളുടെ പേരുകൾ പോലുമില്ലാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് ലജ്ജാകരവും രാജ്യത്തെ നിയമവ്യവസ്ഥയെ പരിഹസിക്കുന്നതുമാണ്.
എഫ്.ഐ.ആറിൽ കുറ്റം ചെയ്തവരുടെ പേരുകൾ ഉൾപ്പെടുത്തണമെന്നും വിദ്വേഷപ്രസംഗം നടത്തിയവരെയും ആക്രമണത്തിന് പ്രേരണ നൽകിയവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേസെടുത്തു; യു.എ.പി.എ ചുമത്താനാവില്ലെന്ന് പൊലീസ്
ന്യൂഡൽഹി: മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത് തീവ്ര ഹിന്ദുത്വ ശക്തികൾ സംഘടിപ്പിച്ച പരിപാടി വിവാദമായതോടെ കേസെടുത്ത് പൊലീസ്. അതേസമയം, യു.എ.പി.എ ചുമത്താനാവില്ലെന്ന് സംസ്ഥാന ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. േകസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അടുത്തിടെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്തിയ വസീം റിസ്വി എന്ന ജിതേന്ദർ നാരായൺ ത്യാഗിക്കും പേരു പരാമർശിക്കാത്ത ചിലർക്കുമെതിരെയാണ് 153 എ വകുപ്പു പ്രകാരം കേസ് എടുത്തത്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട 153 എ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും സംഭവത്തെത്തുടര്‍ന്ന് അക്രമമോ കൊലപാതകമോ നടക്കാത്തതിനാൽ യു.എ.പി.എ വകുപ്പുകള്‍ ചുമത്താനാവില്ലെന്നും ഡി.ജി.പി പറഞ്ഞു. വാളുകളും ത്രിശൂലങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത് പാരമ്പര്യരീതിയാണെന്നും അവിടെ ആയുധസംഭരണം നടന്നിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം. തൃണമൂൽ നേതാവ് സാകേത് ഗോഖലെ നൽകിയ പരാതി പ്രകാരമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.