ഹരിദ്വാർ വിദ്വേഷ പ്രസംഗം ഭരണഘടനയുടെ ലംഘനം, നടപടി സ്വീകരിക്കണം -പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ധർമ സൻസദ് എന്ന സന്യാസി സമ്മേളനത്തിലെ വിദ്വേഷ പ്രസംഗങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കലാപത്തിന് ആഹ്വാനം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരം പ്രവൃത്തികൾ ഭരണഘടനയുടെയും നിയമത്തിന്‍റെയും ലംഘനമാണെന്നും അവർ പറഞ്ഞു.
'ഇത്തരത്തിലുള്ള വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. നമ്മുടെ മുൻ പ്രധാനമന്ത്രിയെയും വിവിധ സമുദായങ്ങളിൽപ്പെട്ടവർക്കെതിരെയും അക്രമം അഴിച്ചുവിടാൻ ആഹ്വാനം ചെയ്ത അവർ രക്ഷപ്പെടുന്നത് നിന്ദ്യമാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിക്കുന്നതാണ്' -പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
നിരവധി പ്രതിപക്ഷ നേതാക്കളാണ് വിദ്വേഷ പ്രസംഗത്തിനെതിരെ രംഗത്തെത്തിയത്. വിദ്വേഷ പ്രസംഗത്തിനെതിരെ തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സകേത് ഗോഖലെ ധർമ സൻസദ് സംഘടിപ്പിച്ചവർക്കെതിരെയും പ്രസംഗിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ജ്വാലപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
ഡിസംബർ 17 മുതൽ 19 വരെയായിരുന്നു വിവാദ സമ്മേളനം. ധർമ സൻസദിൽ രാജ്യത്തെ മുസ്ലിംകൾക്കെതിരെയായിരുന്നു പരസ്യമായ കൊലവിളിയും വിദ്വേഷ പ്രസംഗവും. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ ആരാധനാ കേന്ദ്രങ്ങൾ ആക്രമിക്കാനും ചടങ്ങിൽ പ്രസംഗിച്ചവർ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.