ഹരിദ്വാർ മുസ്ലിം വംശഹത്യാ പ്രസംഗങ്ങൾ: വിഷയം കേൾക്കുമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മുസ്ലിംകളെ വംശഹത്യ നടത്താൻ ഹിന്ദുത്വ തീവ്രവാദികൾ ഡൽഹിയിലും ഹരിദ്വാറിലും ആഹ്വാനം ചെയ്തതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി കേൾക്കാമെന്ന് സുപ്രീംകോടതി. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബലിനോടാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. വിദ്വേഷ പ്രസംഗത്തിൽ സ്വമേധയാ കേസെടുക്കാൻ സുപ്രീംകോടതി അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്ന് ഹരജി സമർപ്പിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തിങ്കളാഴ്ച വിഷയം ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ശ്രദ്ധയിൽപ്പെടുത്തി.
'സത്യമേവ ജയതേ' എന്ന മുദ്രാവാക്യത്തിൽനിന്ന് മാറിയ പ്രയാസമേറിയ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന് സിബൽ പറഞ്ഞു. കേസെടുത്തിട്ടും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്ന് സിബൽ ബോധിപ്പിച്ചപ്പോൾ വിഷയം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ മറുപടി നൽകി. ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ നടന്ന മൂന്നു ദിവസത്തെ ധരം സൻസദിൽ മുസ്ലിംകൾക്കെതിരെ തുടർച്ചയായി നിരവധി വിദ്വേഷ പ്രസംഗങ്ങളാണ് നടന്നത്. ഇതിനെതിരെ ഒരു നടപടിയും എടുക്കാതിരുന്ന ഉത്തരാഖണ്ഡ് പൊലീസ് അന്തർദേശീയ മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ ഹിന്ദു മതം സ്വീകരിച്ച് ജിതേന്ദ്ര നാരായൺ ത്യാഗി എന്ന പേര് സ്വീകരിച്ച ശിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വിക്കെതിരെ മാത്രം കേസ് രജിസ്റ്റർ ചെയ്തു. അതും വിവാദമായതിനെ തുടർന്നാണ് മുഖ്യ സംഘാടകൻ യതി നരസിംഹാനന്ദ, ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി ധരംദാസ് മഹാരാജ്, നിരഞ്ജിനി അഖാഡയിലെ പൂജ ശകുന പാണ്ഡെ എന്നിവരെക്കൂടി പ്രതി ചേർത്തത്. അതേസമയം ഛത്തിസഗ്ഢിൽ സമാനമായ ധരം സൻസദ് സംഘടിപ്പിച്ച ഹിന്ദുത്വ തീവ്രവാദി കാളീചരൺ മഹാരാജനെതിരെ കേസെടുത്ത ഛത്തിസ്ഗഢ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഭീഷണി സന്ദേശങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതിക്ക് അഭിഭാഷകരുടെ കത്ത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാലംഘന കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന ഫോൺകാളുകൾ ലഭിച്ചെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകർ സുപ്രീംകോടതിക്ക് കത്തെഴുതി. ഖലിസ്താൻ അനുകൂല സംഘടന സിഖ്സ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ) ആണ് കാളുകൾക്കു പിന്നിലെന്ന് അഡ്വക്കറ്റ് ഓൺ റെക്കോഡ് അസോസിയേഷൻ (എസ്.സി.എ.ഒ.ആർ.എ) കത്തിൽ വ്യക്തമാക്കി. ഹുസാനിൻവാല മേൽപാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതിന് ഉത്തരവാദി അമേരിക്കയിലെ എസ്.എസ്.ജെയാണെന്നായിരുന്നു റെക്കോഡ് ചെയ്ത സന്ദേശം. 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ കുറ്റവാളികളെ ശിക്ഷിക്കാൻ സുപ്രീംകോടതിക്ക് കഴിയാത്ത സാഹചര്യത്തിൽ സുരക്ഷാവീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് വോയ്സ് എന്ന സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വാദംകേൾക്കുന്നതിൽനിന്ന് സുപ്രീംകോടതി ജഡ്ജിമാർ വിട്ടുനിൽക്കണമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.