രാജ്യസഭയിൽ ഹാരിസ് ബീരാന്റെ അരങ്ങേറ്റം; പ്രസംഗത്തിൽ കേന്ദ്രത്തിന് രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ആദ്യ ദിവസം തന്നെ രാജ്യസഭയിൽ സംസാരിക്കാൻ അവസരം ലഭിച്ച മുസ്‌ലിം ലീഗ് എം.പി. ഹാരിസ് ബീരാൻ ജാതി സെൻസസ്, ദലിത്-ന്യൂനപക്ഷ വിരുദ്ധ ആക്രമണം, നീറ്റ്, പുതിയ ക്രിമിനൽ നിയമം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പിന്നാക്ക വിഭാഗത്തിന്റെ പ്രാതിനിധ്യം സർക്കാറിൽ വേണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ജോലിയിലെ കുറവ് പരിഹരിക്കാൻ ജാതി സെൻസസ് മാത്രമാണ് പരിഹാരം. നിർഭാഗ്യവശാൽ കേന്ദ്രം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ഹാരിസ് ബീരാൻ കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങളോടുള്ള സമീപനത്തിൽ കേന്ദ്രത്തിന് നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നിലപാടാണ് സീകരിക്കുന്നത്. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ലഭിക്കാൻ സംസ്ഥാനത്തിന് സുപ്രീംകോടതിയിലേക്ക് പോകേണ്ടി വന്നു. ഭരണഘടനയുടെ ആത്മാവ് ഫെഡറലിസം ആണെന്നിരിക്കെ കേന്ദ്രത്തിന്റെ ഈ നിലപാട് ഒട്ടും ഭൂഷണമല്ല.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് ശേഷം ദലിത്-ന്യൂനപക്ഷങ്ങൾക്ക് നേരെ രാജ്യത്ത് ആക്രമണം ഉണ്ടായി. പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുപോലും വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായി. പ്രധാനമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതാണ് വിധ്വംസക ശക്തികൾക്ക് ആവേശം പകരുന്നത്. സർക്കാർ ഭരണഘടനയെയും പൗരൻമാരെയും സംരക്ഷിക്കാൻ തയാറകണം.
പുതുതായി കൊണ്ടുവന്ന ക്രിമിനൽ നിയമത്തിൽ എന്താണ് ശരി, എന്താണ് തെറ്റ് എന്നതിനെ കുറിച്ച് പൗരൻമാർ ആശങ്കയിലാണ്. കുറ്റം നടന്നെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞാൽ മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മതി. ഇതു പൊലീസ് രാജിലേക്ക് നയിക്കും. നിയമം പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണം.
നീറ്റ് ക്രമക്കേടിൽ 24 ലക്ഷം വിദ്യാർഥികളുടെ ഭാവിയാണ് അപകടത്തിലാക്കിയത്. നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്ന് സഭ ആവശ്യപ്പെടണം. പരീക്ഷ നടത്തിപ്പ് പഴയതുപോലെ സംസ്ഥാനങ്ങളെ ഏൽപ്പിക്കണം. സംസ്ഥാനങ്ങൾ എൻ.ടി.എയെക്കാൾ എത്രയോ മികച്ച രീതിയിൽ പരീക്ഷ നടത്തിയിട്ടുണ്ടെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.