ഹരീഷ് റാവത്തിന് പകരം ഹരീഷ് ചൗധരി; പഞ്ചാബിന്‍റെ ചുമതല മാറ്റാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ പഞ്ചാബിന്‍റെ ചുമതലയിൽ നിന്ന് മാറ്റുമെന്ന് റിപ്പോർട്ട്. ഹരീഷ് ചൗധരിക്കാണ് പകരം ചുമതല നൽകുക. പഞ്ചാബിന്‍റെ ഭരണമാറ്റത്തിന്‍റെ സമയത്ത് ഹരീഷ് ചൗധരിയെ നിരീക്ഷകനായി നിയോഗിച്ചിരുന്നു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഹരീഷ് റാവത്തും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ശക്തമായിരുന്നു. ഇരുവരും പരസ്പരം വാക്പോരും നടത്തിയിരുന്നു. ബി.ജെ.പി സഹായിക്കുകയാണെന്ന ഹരീഷ് റാവത്തിന്‍റെ വിമർശനത്തോട് അമരീന്ദർ സിങ് രൂക്ഷമായി പ്രതികരിച്ചിരുന്നു. നാലര വർഷം പഞ്ചാബിൽ അധികാരത്തിലിരുന്ന ഒരു പാർട്ടിയുടെ ദയനീയത വെളിവാക്കുന്നതാണ് ഹരീഷ് റാവത്തിന്‍റെ പ്രസ്താവനയെന്ന് അമരീന്ദർ കുറ്റപ്പെടുത്തിയിരുന്നു.
കോൺഗ്രസ് നിയമസഭാ യോഗത്തിന് മുമ്പ് റാവത്തുമായി സംസാരിച്ചിരുന്നു. തനിക്കെതിരായി 43 എം.എൽ.എമാർ നൽകിയ കത്ത് കണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇപ്പോൾ അദ്ദേഹം നുണ പറയുന്നത് തന്നെ അദ്ഭുതപ്പെടുത്തുകയാണെന്ന് അമരീന്ദർ വ്യക്തമാക്കിയിരുന്നു.
സോണിയ ഗാന്ധിക്ക് താൻ രാജിക്കത്ത് നൽകിയപ്പോൾ അവർ തുടരാൻ ആവശ്യപ്പെട്ടു. എന്നാൽ, അപമാനം സഹിച്ച് അധികാരത്തിൽ തുടരില്ലെന്നായിരുന്നു തന്‍റെ നിലപാട്. തനിക്കെതിരെയുണ്ടായത് അപമാനമാണെന്ന് അമരീന്ദർ വ്യക്തമാക്കിയിരുന്നു. അമരീന്ദർ സിങ്ങിന് എല്ലാകാലത്തും പാർട്ടി ബഹുമാനം നൽകിയിട്ടുണ്ടെന്നായിരുന്നു ഹരീഷ് റാവത്തിന്‍റെ പ്രസ്താവന. അദ്ദേഹത്തിന് പാർട്ടി എം.എൽ.എമാരിൽ നിന്നോ മന്ത്രിമാരിൽ നിന്നോയുള്ള ഉപദേശങ്ങൾ ആവശ്യമില്ലായിരുന്നു. ബി.ജെ.പിയെ സഹായിക്കുന്നതാണ് അമരീന്ദറിന്‍റെ നടപടികൾ എന്നുമുള്ള വിമർശനവും റാവത്ത് ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.