68ാം വയസ്സിൽ ഹരീഷ് സാല്‍വെക്ക് മൂന്നാം വിവാഹം; അതിഥികളായി നിത അംബാനിയും ലളിത് മോദിയും
text_fieldsലണ്ടന്‍: സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെക്ക് 68ാം വയസ്സിൽ മൂന്നാം വിവാഹം. ഞായറാഴ്ച ലണ്ടനിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ട്രിനയാണ് വധു. നിത അംബാനി, ലളിത് മോദി, ഭാര്യയും മോഡലുമായ ഉജ്ജ്വല റൗത്ത് തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.
ആദ്യ ഭാര്യ മീനാക്ഷിയുമായി 2020ലാണ് ഹരീഷ് സാൽവെ വേർപിരിഞ്ഞത്. 38 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളുണ്ട്. അതേവർഷം ലണ്ടന്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരി കരോലിൻ ബ്രൊസ്സാഡിനെ വിവാഹം ചെയ്തു.
കുല്‍ഭൂഷന്‍ ജാദവ് കേസ് അടക്കം രാജ്യത്തെ സുപ്രധാന കേസുകളില്‍ സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. കേസിൽ ഒരു രൂപ മാത്രമാണ് പ്രതിഫലം വാങ്ങിയത്. സല്‍മാന്‍ ഖാനെതിരായ അലക്ഷ്യമായി വാഹനം ഓടിച്ച കേസും കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു. ടാറ്റ ഗ്രൂപ്പ്, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ഐ.ടി.സി ഗ്രൂപ്പ് തുടങ്ങിയ വൻകിട ബിസിനസ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരാകുന്ന സാൽവെയാണ് 2018ൽ കാവേരി നദീജല തർക്കത്തിൽ കേന്ദ്ര സർക്കാറിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു. ജനുവരിയില്‍ ഇംഗ്ലണ്ടിലെ ക്വീന്‍സ് കൗണ്‍സെല്‍ ഫോര്‍ ദി കോര്‍ട്ട്സ് ഓഫ് വെയില്‍സിലും ഹരീഷ് സാല്‍വെ നിയമിതനായിരുന്നു. ഹരീഷ് സാല്‍വെ സോളിസിറ്റര്‍ ജനറല്‍ ആകുന്നതിന് മുമ്പ് ദില്ലി ഹൈകോടതിയിലെ അഭിഭാഷകനായിരുന്നു. 2015ൽ പദ്മഭൂഷൺ അവാർഡ് നൽകി രാജ്യം ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.