വാദ്രയുടെ ഭൂമിയിടപാടിൽ നിയമലംഘനമില്ലെന്ന് ഹരിയാന സർക്കാർ
text_fieldsചണ്ഡിഗഢ്: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കെതിരെ ബി.ജെ.പി ഉന്നയിച്ചുകൊണ്ടിരുന്ന ഭൂമിയിടപാട് ക്രമക്കേട് ആരോപണത്തിൽ കഴമ്പില്ലെന്ന് ഹരിയാനയിലെ ബി.ജെ.പി സർക്കാർ. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫിന് ഭൂമി കൈമാറിയതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഹരിയാന സർക്കാർ പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതിയെ അറിയിച്ചു.
ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹൂഡ, റോബർട്ട് വാദ്ര, സോണിയ ഗാന്ധി എന്നിവർക്കെതിരെ 2018ൽ എടുത്ത കേസിലാണ്, ഇടപാടിൽ ചട്ടലംഘനമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചത്.
ഗുരുഗ്രാം മനേസർ തഹസിൽദാറുടെ റിപ്പോർട്ട് പ്രകാരം, സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 3.5 ഏക്കർ ഭൂമി 2012ൽ ഡി.എൽ.എഫിന് വിറ്റതിൽ ക്രമക്കേടോ നിയമലംഘനമോ ഉണ്ടായിട്ടില്ലെന്ന് ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ, വിൽപനയിലെ പണമിടപാട് സംബന്ധിച്ച് രേഖകൾ പരിശോധിക്കുന്നുണ്ടെന്ന് സത്യവാങ്മൂലം കൂട്ടിച്ചേർത്തു.
ഹരിയാനയിൽ കോൺഗ്രസ് ഭരണത്തിലിരുന്ന കാലത്തെ ഇടപാടിൽ ക്രമക്കേടുണ്ടെന്ന് വാദ്രക്കെതിരെ ബി.ജെ.പി നിരന്തരം ആരോപണമുന്നയിച്ചുവരികയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.