'സുപ്രീംകോടതിക്ക് ദുഷ്പേരുണ്ടാക്കും'; ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ പ്രധാനമന്ത്രിയുടെ പൂജയെ വിമർശിച്ച് കപിൽ സിബൽ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെ വീട്ടിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമായിരിക്കെ സംഭവത്തിൽ പ്രതികരണവുമായി സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് കപിൽ സിബൽ. ജുഡീഷ്യറിക്കെതിരെ ഗോസ്സിപ്പുണ്ടാക്കാൻ ആളുകൾക്ക് അവസരം നൽകുന്നതാണിതെന്നും സുപ്രീംകോടതിക്ക് ദുഷ്പേരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീർത്തും സ്വകാര്യമായ ഒരു ചടങ്ങ് പരസ്യപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് കരുതിക്കാണില്ലെന്നും കപിൽ സിബൽ പറഞ്ഞു.
'ഈ വിഷയത്തിൽ പ്രധാനമന്ത്രി ഒരു കാഴ്ചക്കാരനായി നിൽക്കരുത്. പ്രത്യേകിച്ച്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രക്കാരനായ ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെത്തി പൂജ നടത്തുന്നത് പരസ്യമാക്കരുതായിരുന്നു. ചടങ്ങിന്‍റെ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് കരുതിയിട്ടുണ്ടാവില്ല. എന്നിരുന്നാലും, രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ജനങ്ങൾക്ക് സുപ്രീംകോടതിയെ കുറിച്ച് ഗോസ്സിപ്പ് പറയാൻ അവസരം നൽകുന്ന വിധത്തിൽ ഇടപെടരുതായിരുന്നു.
യഥാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി. ഞാൻ 50 വർഷത്തോളമായി സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. മഹാന്മാരായ പല ജസ്റ്റിസുമാരെയും കണ്ടിട്ടുണ്ട്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനോടും അങ്ങേയറ്റം ബഹുമാനമാണുള്ളത്. അദ്ദേഹം വളരെ മികച്ച വ്യക്തിത്വമുള്ളയാളാണെന്ന് ഒരു മടിയും കൂടാതെ പറയാൻ കഴിയും.
ഓൺലൈനിൽ പ്രചരിക്കുന്ന പൂജയുടെ ദൃശ്യങ്ങൾ കണ്ടു. തികച്ചും ആശ്ചര്യം വന്നു. ചില തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് എനിക്ക് ഇത്തരം കൂടിക്കാഴ്ചകളെ കുറിച്ച് പറയാനുള്ളത്. ഒരു പൊതുപ്രവർത്തകൻ, അത് രാഷ്ട്രപതിയായാലും പ്രധാനമന്ത്രിയായാലും ചീഫ് ജസ്റ്റിസായാലും, ഒരു സ്വകാര്യ ചടങ്ങിനെ പരസ്യമാക്കരുത്. ആ ചടങ്ങ് പരസ്യമാകുമെന്ന് ചീഫ് ജസ്റ്റിസ് ധരിച്ചിട്ടുണ്ടാവില്ല. രണ്ടാമത്തെ കാര്യം, ഇന്ത്യയുടെ പ്രധാനമന്ത്രി ഇങ്ങനെയൊരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനുള്ള താൽപര്യം കാണിക്കരുതായിരുന്നു. അതൊരു തെറ്റായ സന്ദേശം നൽകുമെന്ന കാര്യം പ്രധാനമന്ത്രി തിരിച്ചറിയണമായിരുന്നു' -സിബൽ പറഞ്ഞു.
ഇത്തരം ദൃശ്യങ്ങൾ ജനങ്ങളില്‍ എന്ത് പ്രതികരണമാകും ഉണ്ടാക്കുക എന്നതാണ് വിഷയം. സുപ്രീംകോടതി പോലൊരു സ്ഥാപനത്തിന് ഇത് ഒട്ടും നല്ലതല്ല. കോടതിയെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അതെല്ലാം വിശ്വസിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെത്തി ഗണേശ പൂജയിൽ പങ്കെടുത്തത്. ഇതിന്‍റെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.