ഹൈകോടതിയുടെ രൂക്ഷ വിമർശനം: മഹുവയുടെ അഭിഭാഷകൻ പിന്മാറി
text_fieldsന്യൂഡൽഹി: അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ വ്യവസായിയിൽ നിന്ന് പണം വാങ്ങി എന്ന് ആരോപിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നൽകിയ മാനനഷ്ട കേസ് വെള്ളിയാഴ്ച ഡൽഹി ഹൈകോടതിയിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. മാന നഷ്ട കേസ് നൽകിയ ശേഷം മധ്യസ്ഥത്തിന് ശ്രമിച്ചതിന് ഡൽഹി ഹൈകോടതിയുടെ രൂക്ഷ വിമർശനമേറ്റുവാങ്ങിയ മഹുവയുടെ അഭിഭാഷകൻ ഗോപാൽ ശങ്കര നാരായണൻ കേസിൽനിന്ന് പിന്മാറി.
കാണാതായ തന്റെ വളർത്തുനായ ‘ഹെൻട്രി’യെ തിരികെ എത്തിക്കാമെന്ന് പറഞ്ഞ് മഹുവയുടെ അഭിഭാഷകൻ വ്യാഴാഴ്ച തന്നെ നേരിൽ വിളിച്ചു വിലപേശിയെന്ന് മഹുവക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച അഡ്വ. ജയ് അനന്ത് ദേഹാദ്രായ് ആരോപിച്ചതാണ് തുടക്കം. മഹുവയുടെ കേസ് ജസ്റ്റിസ് സചിൻ ദത്ത പരിഗണിച്ചയുടൻ തന്നെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് അഡ്വ. ദേഹാദ്രായ് ഇടപെട്ടു. ഗോപാൽ ശങ്കര നാരായണനും താനും സംസാരിച്ചതിന്റെ റെക്കോഡിങ് കൈവശമുണ്ടെന്നും താൽപര്യങ്ങളുടെ ഏറ്റുമുട്ടലുണ്ടായ സ്ഥിതിക്ക് ഈ അഭിഭാഷകനെ മഹുവക്ക് വേണ്ടി ഹാജരാകാൻ അനുവദിക്കരുതെന്നും അദ്ദേഹം വാദിച്ചു. വ്യാഴാഴ്ച അദ്ദേഹം തന്നെ വിളിച്ച് 30 മിനിറ്റ് നേരം സംസാരിച്ചു.
തന്റെ വളർത്തുനായയെ തിരികെ തരാമെന്നും അതിനു പകരം മഹുവക്കെതിരെ സി.ബി.ഐക്ക് നൽകിയ പരാതി പിൻവലിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടുവെന്നും ദേഹാദ്രായ് ആരോപിച്ചു. ദേഹാദ്രായിയുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ച ഗോപാൽ ശങ്കര നാരായണൻ മുമ്പ് താൻ ഹാജരായ പല കേസുകളിലും ദേഹാദ്രായ് ബ്രീഫിങ് നടത്തിയിട്ടുണ്ടെന്നും ആ നിലക്കാണ് ബന്ധപ്പെട്ടതെന്നും തുടർന്നു. മഹുവ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതെന്നും ശങ്കര നാരായണൻ കൂട്ടിച്ചേർത്തു.
ഇത് കേട്ട് താൻ ശരിക്കും അമ്പരന്നുപോയെന്ന് ജസ്റ്റിസ് സചിൻ ദത്ത പ്രതികരിച്ചു. ഉന്നത തൊഴിൽ നിലവാരം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വ്യക്തിയാണ് താങ്കൾ എന്ന് ഗോപാൽ ശങ്കര നാരായണനോട് ഹൈകോടതി പറഞ്ഞു. കേസിൽ രണ്ടാമത്തെ എതിർകക്ഷിയെ താങ്കൾ ബന്ധപ്പെട്ടുവെങ്കിൽ ഒരു മധ്യസ്ഥന്റെ റോൾ താങ്കൾ വഹിച്ചുവെന്നാണർഥം. ഇനി ഈ കേസിൽ വാദിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ എന്ന് ഹൈകോടതി ചോദിക്കുകയും ചെയ്തു. ഇതോടെ താൻ കേസിൽനിന്ന് പിന്മാറുകയാണെന്ന് ശങ്കര നാരായണൻ അറിയിക്കുകയും കോടതി കേസ് ഈ മാസം 31ലേക്ക് മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.