കാർഷിക ബില്ലിൽ പ്രതിഷേധം; കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു
text_fieldsന്യൂഡൽഹി: കർഷകവിരുദ്ധ നിയമപരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിെൻറ ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു. വിവാദ ബില്ലുകളിൽ ലോക്സഭയിൽ വോട്ടെടുപ്പു നടക്കുന്നതിനു തൊട്ടുമുമ്പാണ് ഭർത്താവും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്ബീർസിങ് ബാദൽ ലോക്സഭയിൽ മന്ത്രിയുടെ രാജിക്കാര്യം പ്രഖ്യാപിച്ചത്.
കർഷകവിരുദ്ധ നിയമനിർമാണങ്ങൾക്കെതിരെ പഞ്ചാബിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഭക്ഷ്യ സംസ്കരണ, വ്യവസായ വകുപ്പു മന്ത്രിയുടെ രാജി. നിയമപരിഷ്കരണങ്ങൾക്കെതിരെ ആഴ്ചകളായി പഞ്ചാബിലും ഹരിയാനയിലും സമരം നടക്കുകയാണ്. മന്ത്രിസഭയിൽനിന്ന് പിന്മാറുമെങ്കിലും മോദിസർക്കാറിനുള്ള പിന്തുണ ശിരോമണി അകാലിദൾ തുടരും.
പഞ്ചാബിൽ മാറിമാറി വന്ന സർക്കാറുകൾ കാർഷിക മേഖലക്കായി ചെയ്ത അര നൂറ്റാണ്ടു കാലത്തെ കഠിനാധ്വാനം പാഴാക്കുന്ന നിയമനിർമാണങ്ങളാണ് മോദിസർക്കാർ നടത്തുന്നതെന്ന് ബാദൽ കുറ്റപ്പെടുത്തി. ബില്ലിന്മേൽ നടന്ന വോട്ടെടുപ്പിൽ എതിർത്ത് വോട്ടും ചെയ്തു. ബി.ജെ.പിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയാണ് ശിരോമണി അകാലിദൾ. മന്ത്രിസഭയിൽ പാർട്ടിയുടെ ഏക അംഗമാണ് ഹർസിമ്രത് കൗർ ബാദൽ.
രാജ്യത്തെ പ്രമുഖ കാർഷിക സംസ്ഥാനമായ പഞ്ചാബിൽനിന്നുയരുന്ന പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടിയും നിയമഭേദഗതിയെ എതിർത്തു. കോൺഗ്രസിനും ഇടതു പാർട്ടികൾക്കും പുറമെ, വിവിധ പ്രാദേശിക കക്ഷികളും ബില്ലുകൾക്ക് എതിരാണ്.
കോവിഡ് പടരുന്നതുമൂലം പാർലമെൻറ് സമ്മേളനം വൈകിയതിെൻറ പേരിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് ഓർഡിനൻസുകൾ സർക്കാർ നേരത്തെ ഇറക്കിയിരുന്നു. അതിനു പകരമുള്ള മൂന്നു നിയമനിർമാണങ്ങളാണ് പാർലമെൻറിൽ കൊണ്ടുവന്നത്. കാർഷികോൽപന്ന വ്യാപാര, വാണിജ്യ പ്രോത്സാഹന, സേവന ബില്ലാണ് ഒന്ന്. കർഷക ശാക്തീകരണ, സംരക്ഷണ, വിലസ്ഥിരത, കാർഷിക സേവന ബില്ലാണ് മറ്റൊന്ന്. അവശ്യസാധന നിയമഭേദഗതി ബില്ലാണ് മൂന്നാമത്തേത്.
വിലസ്ഥിരതയെക്കുറിച്ച് പറയുന്ന ബിൽ മിനിമം വില ഉൽപന്നങ്ങൾക്ക് ലഭ്യമാക്കില്ലെന്ന് വിവിധ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. വിലനിർണയ രീതിയിലെ അപാകം മൂലമാണിത്.
കൃഷി സംസ്ഥാനത്തിെൻറകൂടി അധികാരപരിധിയിൽപെട്ട വിഷയമായിട്ടും, കേന്ദ്രം സ്വേച്ഛാപരമായി നിയമനിർമാണം നടത്തുകയാണെന്ന് സംസ്ഥാനങ്ങൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.