‘ജാട്ട് ശാഹി’ ഭീതി വിതച്ചു; ഹരിയാന കീഴടക്കി ബി.ജെ.പി
text_fieldsകടുത്ത ഭരണവിരുദ്ധ വികാരത്തെയും പ്രചാരണ വേളയിലെ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ഹരിയാനയിൽ മൂന്നാമൂഴം ഉറപ്പിക്കാൻ ബി.ജെ.പിയെ തുണച്ചത് കോൺഗ്രസ് ജയിച്ചാൽ ‘ജാട്ട് ശാഹി’ (ജാട്ടുകളുടെ ഭരണം) തിരിച്ചുവരുമെന്ന പ്രചാരണം. ബി.ജെ.പി പടർത്തിവിട്ട ഈ പ്രചാരണത്തിൽ ഭീതിപൂണ്ട ജാട്ട് ഇതര സമൂഹങ്ങൾ കൂട്ടമായി ബൂത്തുകളിൽ വന്ന് ആഞ്ഞുകുത്തിയത് തിരിച്ചുവരവിനുള്ള കോൺഗ്രസ് മോഹങ്ങളുടെ നെഞ്ചത്തായി.
25 ശതമാനം ജാട്ടു വോട്ടുകളുള്ള 30 സീറ്റുകളിലെ വോട്ടു പ്രവണതകൾ വ്യക്തമാക്കുന്നത് ഭരണ വിരുദ്ധ വികാരത്തെ സമുദായ വിരുദ്ധ വികാരം കൊണ്ടു നേരിട്ട ബി.ജെ.പിയുടെ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഫലപ്രാപ്തിയാണ്.
ഒരു ജാട്ട് സ്ഥാനാർഥിക്കുകിട്ടുന്ന സമുദായ വോട്ടുകൾ ഭിന്നിപ്പിക്കാൻ 12 ജാട്ട് സ്ഥാനാർഥികളെ വരെ നിർത്തിയും ജാട്ട് ഇതര വോട്ടുകൾ ഏകോപിപ്പിച്ച് സ്വന്തമാക്കിയുമാണ് ബി.ജെ.പി മുന്നേറ്റം സാധ്യമാക്കിയത്. യാദവരുടെ ഭരണത്തെക്കുറിച്ച് നിരന്തരം പറഞ്ഞ് യു.പിയിലും ബിഹാറിലും സൃഷ്ടിച്ച ഭീതിയുടെ പുനരാവിഷ്കാരമായിരുന്നു ഹരിയാനയിലേത്.
മറുഭാഗത്ത് മുഖ്യമന്ത്രിപദ മോഹികളായ നേതാക്കളുടെ പരസ്യമായ വിഴുപ്പലക്കൽ നിർത്തിച്ചതോടെ പാർട്ടിയിൽ എല്ലാം ഭദ്രം എന്ന് കരുതിയ ഖാർഗെക്കും രാഹുലിനും തെറ്റുപറ്റി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പാർട്ടിയുടെ ദലിത് മുഖം കുമാരി ഷെൽജ, തനിക്ക് പരിഗണന കിട്ടാത്തതിന്റെ നീരസം തുറന്നു പ്രകടിപ്പിച്ച് രംഗത്തുവന്നത് ജാട്ട് പേടിയിലായ ദലിതുകളെ കോൺഗ്രസിൽനിന്ന് വീണ്ടും അകറ്റി.
ഇതര നേതാക്കൾക്ക് ഇടം നൽകാതെ, തങ്ങൾക്കില്ലെങ്കിൽ പാർട്ടിക്കും വേണ്ട എന്ന നിലപാടുമായി തെരഞ്ഞെടുപ്പിനിറങ്ങുന്ന നേതാക്കൾ പാർട്ടിക്ക് ബാധ്യത മാത്രമാണെന്ന് മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ ഹരിയാനയും കോൺഗ്രസിനെ ഓർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.