ബസ് സർവീസുകൾ പുനഃസ്ഥാപിച്ച ആദ്യ സംസ്ഥാനമായി ഹരിയാന
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം നിർത്തിവെച്ച ബസ് സർവീസുകൾ പുനഃസ്ഥാപിച്ച് ഹരിയാന സർക്കാർ. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരിച്ചെത്തിക്കുന്നതിന് അന്തർ ജില്ല പൊതുഗതാഗതം പുനഃസ്ഥാപിച്ച ആദ്യത്തെ സംസ്ഥാനമായി ഹരിയാന മാറി.
അന്തർ ജില്ല ബസുകൾ ലക്ഷ്യ സ്ഥാനങ്ങളിൽ മാത്രമേ നിർത്തൂ. ഇടക്ക് സ്റ്റോപ്പുകളുണ്ടാകില്ല. ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യണം. ആദ്യഘട്ടത്തിൽ 29 റൂട്ടികളിലാണ് ബസ് സർവീസ് നടത്താൻ തീരുമാനിച്ചത്. ബുക്കിങ് ഇല്ലാത്തതിനാൽ ഒമ്പത് റൂട്ടുകൾ താൽക്കാലികമായി നിർത്തിവച്ചു.
ആദ്യദിനം എട്ട് ഡിപ്പോകളിൽ നിന്നുള്ള ബസുകൾ 196 യാത്രക്കാരുമായി നിരവധി റൂട്ടുകളിൽ യാത്ര ചെയ്തു. 42580 രൂപയാണ് ആദ്യദിനം ടിക്കറ്റ് ഇനത്തിൽ ലഭിച്ചത്.
എയർ കണ്ടീഷൻ ചെയ്യാത്ത ബസുകൾ മാത്രമാണ് ഓടുന്നത്, 52 പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ഒരു ബസിൽ സാമൂഹിക അകലം ഉറപ്പാക്കിയ ശേഷം 30 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.
"ഹരിയാനയിൽ കുടുങ്ങിയവരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചുകഴിഞ്ഞു. എന്നാൽ സംസ്ഥാനത്തുള്ളവർ പലരും യാത്ര ചെയ്യാൻ മാർഗമില്ലാതെ വിവിധ ജില്ലകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ സഹാചര്യത്തിലാണ് അന്തർ ജില്ലാ ബസ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്." - ഹരിയാന പൊലീസ് മേധാവി മനോജ് യാദവ് പറഞ്ഞു.
ഹരിയാനയിലെ പല വ്യവസായ സ്ഥാപനങ്ങൾക്കും ഉൽപാദനം തുടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 35,000 ത്തിലധികം വ്യവസായ സ്ഥാപനങ്ങൾ ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. മൂന്നാംഘട്ട ലോക്ഡൗൺ ഇളവിനെ തുടർന്ന് ഇവയിൽ പലതും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.