പാർട്ടിയിൽ ചേർന്ന് ആറു മണിക്കൂറിനുള്ളിൽ മുൻ ഡൽഹി മന്ത്രിയെ ബി.ജെ.പി പുറത്താക്കി
text_fieldsന്യൂഡല്‍ഹി: ഭൂതകാലത്തിൽ കുരുങ്ങി ഭാവിപോയ കഥയാണ് മുൻ ഡൽഹി മന്ത്രി സന്ദീപ് കുമാറിന്റേത്. കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന സന്ദീപ് കുമാറിന് ആറുമണിക്കൂറിനകം പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയ അറിയിപ്പ് ലഭിക്കുകയായിരുന്നു. സന്ദീപ് കുമാറിന്റെ വിവാദപരമായ ഭൂതകാലം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.
ആം ആദ്മി പാർട്ടിയിലൂടെ ഡൽഹി സർക്കാറിൽ വനിത ശിശുവികസന വകുപ്പ് മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെ രണ്ട് സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ 2016ൽ പാർട്ടി പുറത്താക്കിയിരുന്നു. തുടർന്ന് ലഹരി കലർത്തിയ പാനീയം നൽകി തന്നെ പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. റേഷന്‍ കാര്‍ഡ് അനുവദിച്ചുനല്‍കാമെന്ന് പറഞ്ഞ് ചൂഷണം ചെയ്തതായി മറ്റൊരു യുവതിയും ആരോപണവുമായി രംഗത്തെത്തിയിരുന്നു. 2015ല്‍ സര്‍ക്കാര്‍ സ്‌കൂള്‍ തന്റെ ഭാര്യക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നും സന്ദീപ് വിവാദത്തില്‍പ്പെട്ടിരുന്നു.
എ.എ.പിയില്‍നിന്ന് പുറത്തായതിന് പിന്നാലെ 2021ൽ സന്ദീപ് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ പുറത്താക്കുകയും ചെയ്തു. സന്ദീപ് കുമാര്‍ തന്റെ മുന്‍കാലം മനഃപൂര്‍വം മറച്ചുവെച്ചതായി ഹരിയാന ബി.ജെ.പി ഇന്‍ചാര്‍ജ് സുരേന്ദ്ര പുനിയ പറഞ്ഞു. അബദ്ധം മനസ്സിലായ പാർട്ടി ഇയാളെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായും പുനിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.