‘വിഭജന കാലത്ത് ആർ.എസ്.എസ് മുസ്‍ലിംകളെ കൂട്ടക്കൊല ചെയ്തു’ വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ
text_fieldsഗുരുഗ്രാം: ഇന്ത്യ-പാക് വിഭജന കാലത്ത് ഇന്ത്യയിൽ നൂറുകണക്കിന് മുസ്‍ലിംകളെ ആർ.എസ്.എസ് കൂട്ടക്കൊല ചെയ്തുവെന്ന് ഹരിയാനയിലെ ബി.ജെ.പി എം.എൽ.എ കൃഷൻ ലാൽ മിദ്ദ. ‘വിഭജന ഭീകരത’ അനുസ്മരിക്കാൻ ഹരിയാന സർക്കാർ ഫത്തേഹാബാദിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രസംഗം. എന്നാൽ, പിന്നീട് നിലപാട് തിരുത്തിയ അദ്ദേഹം സിനിമയിൽ കണ്ട കാര്യങ്ങൾ പറയുക മാത്രമായിരുന്നുവെന്ന് വിശദീകരിച്ചു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് തന്റെ പൂർവികരുടെ വേരുകളെന്നു പറഞ്ഞ എം.എൽ.എ, പാകിസ്താനിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാനാണ് ഇവിടെ മുസ്‍ലിംകളെ കൂട്ടക്കൊല ചെയ്തതെന്ന് കൂട്ടിച്ചേർത്തു. മുസ്‍ലിംകളിൽനിന്ന് രക്ഷപ്പെട്ടാണ് തന്റെ പൂർവികർ ഇന്ത്യയിലെത്തിയത്. ആർ.എസ്.എസുകാർ മുസ്‍ലിംകളെ കശാപ്പുചെയ്ത് പാകിസ്താനിലേക്ക് അയച്ചപ്പോഴാണ് അവർ ഹിന്ദുക്കളെ കൊല്ലുന്നത് നിർത്തിയത് -അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ മുഖ്യാതിഥിയായിരുന്നെങ്കിലും പ്രസംഗം നടക്കുമ്പോൾ അദ്ദേഹം വേദിയിലുണ്ടായിരുന്നില്ല. എം.എൽ.എ പറഞ്ഞതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനു മാത്രമാണെന്നായിരുന്നു പിന്നീട് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഭജനത്തിന് സാക്ഷ്യംവഹിച്ച തലമുറയിൽപെട്ടയാളല്ല താനെന്നും സണ്ണി ഡിയോളും അമീഷ പട്ടേലും അഭിനയിച്ച ‘ഗദർ’ എന്ന സിനിമയിൽ കണ്ട കാര്യങ്ങൾ പറയുക മാത്രമായിരുന്നുവെന്നും കൃഷൻ ലാൽ മിദ്ദ പിന്നീട് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.