അംബേദ്കർ, ബുദ്ധ ചിത്രം പതിച്ച 1,000 കിലോ തൂക്കമുള്ള പിച്ചളനാണയവുമായി ദലിത് യാത്ര; ഹരിയാന പൊലീസ് തടഞ്ഞു
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടിട്ടും രാജ്യത്ത് തൊട്ടുകൂടായ്മ അവസാനിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ച് ഗുജറാത്തിലെ അഹ്മദാബാദിൽനിന്ന് ഡൽഹിയിലേക്ക് ദലിത് അവകാശ സംഘം നടത്തിയ യാത്രക്ക് അനുമതി നൽകാതെ ഹരിയാന, ഡൽഹി പൊലീസ്.
തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ട് എന്ന സന്ദേശവുമായി പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് സംഭാവന നൽകാൻ ഡോ. ബി.ആർ. അംബേദ്കർ, ഗൗതം ബുദ്ധ എന്നിവരുടെ ചിത്രങ്ങൾ ഇരുവശത്തുമായി ആലേഖനം ചെയ്ത, 1,000 കിലോ തൂക്കമുള്ള പിച്ചളനാണയവുമായി ആഗസ്റ്റ് ഒന്നിനാണ് സംഘം അഹ്മദാബാദിൽനിന്ന് യാത്ര തിരിച്ചത്.
തൊട്ടുകൂടായ്മ ഇല്ലാത്ത ഇന്ത്യ എന്ന 1947ലെ സ്വപ്നം 2047ലും യാഥാർഥ്യമാകില്ലെന്ന ചോദ്യം ഇംഗ്ലീഷിലും ഹിന്ദിയിലുമായി നാണയത്തിൽ കുറിച്ചിട്ടുണ്ട്. കൂടാതെ, തൊട്ടുകൂടായ്മ എന്ന് 15 ഭാഷകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രക്ക് ഭക്ഷണവും വെള്ളവും നൽകിയും സുരക്ഷയൊരുക്കിയും രാജസ്ഥാൻ പൊലീസ് എല്ലാ സഹായവും നൽകിയെന്നും എന്നാൽ, ഹരിയാനയിലേക്ക് പ്രവേശിക്കാൻ അവിടത്തെ പൊലീസ് അനുമതി നൽകിയില്ലെന്നും യാത്രക്ക് നേതൃത്വം നൽകുന്ന ദലിത് ആക്ടിവിസ്റ്റ് മാർട്ടിൻ മക്വാൻ പറഞ്ഞു.
സജാപുർ അതിർത്തിയിൽനിന്ന് പ്രവേശിക്കാനിരിക്കെ തങ്ങളെ തടയാൻ ജലപീരങ്കികളും മറ്റും ഉപയോഗിച്ച് വൻ പോലീസ് സേനയെ വിന്യസിച്ചിരുന്നു. യാത്ര തടയാൻ നിർദേശിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള കത്ത് പൊലീസ് കാണിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.