ഹരിയാന ജില്ല പരിഷത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പിക്കും ആപ്പിനും തിരിച്ചടി
text_fieldsചണ്ഡിഗഢ്: ഹരിയാന ജില്ല പരിഷത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും ആം ആദ്മി പാർട്ടിക്കും (ആപ്) തിരിച്ചടി. 100 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പിക്ക് 22 ഇടങ്ങളിൽ മാത്രമേ ജയിക്കാനായുള്ളൂ. 100ലേറെ സ്ഥലത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച 'ആപ്' 15 സീറ്റുകളിലാണ് ജയിച്ചത്.
തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ ലോക്ദൾ നേട്ടമുണ്ടാക്കി. കോൺഗ്രസും ബി.ജെ.പി സഖ്യകക്ഷിയായ ജൻനായക് ജനത പാർട്ടിയും പാർട്ടി ചിഹ്നത്തിലല്ല മത്സരിച്ചത്. പഞ്ച്കുളയിൽ ബി.ജെ.പി മത്സരിച്ച 10 സീറ്റിലും പരാജയപ്പെട്ടത് പാർട്ടിക്ക് കനത്ത ആഘാതമായി. സിർസയിൽ 10 ഇടത്ത് മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായത്.
കുരുക്ഷേത്രയിലെ ബി.ജെ.പി എം.പി നയബ് സിങ്ങിന്റെ ഭാര്യ സുമൻ സയിനി അംബാല ജില്ല പരിഷത്തിലെ നാലാം വാർഡിൽ തോറ്റത് നേതാക്കളെ അമ്പരപ്പിച്ചു. ഭരണകക്ഷിയായ ബി.ജെ.പിക്കുണ്ടായ പരാജയം 2024ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് നേതാക്കൾക്ക് ആശങ്കയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
എന്നാൽ, തങ്ങൾ പിന്തുണച്ച 150 സ്ഥാനാർഥികൾ ജയിച്ചതായി ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടു. 143 പഞ്ചായത്ത് സമിതികളിലേക്കും 22 ജില്ല പരിഷത്തിലേക്കും മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. 22 ജില്ല പരിഷത്തിലേക്ക് 411 അംഗങ്ങളാണുള്ളത്. ഇവരിൽനിന്നാണ് പരിഷത്ത് തലവന്മാരെ തെരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.