ഹരിയാന തെരഞ്ഞെടുപ്പ്; ബി.ജെ.പിയിൽ കലഹം
text_fieldsന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷം. സീറ്റ് നിഷേധിക്കപ്പെട്ട എം.എൽ.എ പാർട്ടി വിട്ടു. ഒരാൾ മന്ത്രിസഭയിൽനിന്നും രാജിവെച്ചു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യനീക്കം കോൺഗ്രസിനകത്തും പ്രതിസന്ധി രൂക്ഷമാക്കി.
ഒക്ടോബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ 67 പേരടങ്ങുന്ന ആദ്യഘട്ട പട്ടിക ബുധനാഴ്ച രാത്രിയാണ് പാർട്ടി ദേശീയ നേതൃത്വം പുറത്തുവിട്ടത്. ഒമ്പത് എം.എൽ.എമാർക്കും രണ്ട് മന്ത്രിമാർക്കും സീറ്റ് ലഭിച്ചില്ല. പിന്നാലെ സീറ്റ് നിഷേധിക്കപ്പെട്ട രതിയ എം.എൽ.എ ലക്ഷ്മൺദാസ് നാപയാണ് ആദ്യം വെടിപൊട്ടിച്ചത്. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം സംസ്ഥാന അധ്യക്ഷൻ മോഹൻലാൽ ബദോലിക്ക് രാജിക്കത്ത് നൽകി. കോൺഗ്രസിൽ ചേരുമെന്നും ലക്ഷമൺദാസ് പ്രഖ്യാപിച്ചിട്ടുണ്ട്. സിർസയിലെ മുൻ എം.പി സുനിത ദഗ്ഗലാണ് രതിയയിലെ ബി.ജെ.പി സ്ഥാനാർഥി. ഈ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സിർസയിൽനിന്ന് ദഗ്ഗലിന് ടിക്കറ്റ് നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിൽ ചേർന്ന ഹരിയാന കോൺഗ്രസ് മുൻ പ്രസിഡന്റ് അശോക് തൻവറിനെയാണ് ബി.ജെ.പി ഇവിടെ മത്സരിപ്പിച്ചത്. എന്നാൽ, കോൺഗ്രസിലെ കുമാരി ഷെൽജയോട് അശോക് തൻവർ പരാജയപ്പെട്ടു.
നാപക്ക് പിന്നാലെ, സീറ്റ് നിഷേധിക്കപ്പെട്ട മന്ത്രി രൺജിത്ത് ചൗതാല മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. താൻ വിജയിച്ച റാനിയ മണ്ഡലത്തിൽനിന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻ മന്ത്രിയും സംസ്ഥാന ഒ.ബി.സി മോർച്ച അധ്യക്ഷനുമായ കരൺ ദേവും പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി വികാരം നിലനിർത്താൻ ആം ആദ്മി പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കാനുള്ള ഹൈകമാൻഡ് നിർദേശം സംസ്ഥാന നേതൃത്വത്തിന് പൂർണമായും ഉൾക്കൊള്ളാനായിട്ടില്ല. ഇതിനിടെ, കൂടുതൽ സീറ്റ് വിട്ട് നൽകണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യം സഖ്യ സാധ്യതകൾക്ക് തിരിച്ചടിയാകുന്നുണ്ട്. ആം ആദ്മി പാർട്ടിക്ക് കാര്യമായ വോട്ട് ബാങ്ക് സംസ്ഥാനത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഹരിയാന ഘടകം സഖ്യത്തെ എതിർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.