ഹരിയാന വ്യാജ ഏറ്റുമുട്ടല്‍: വെടിവെച്ചത് അടുത്ത് നിന്ന്; ദൃക്സാക്ഷി മൊഴിപുറത്ത്
text_fieldsഛഢിഗഡ്: ഹരിയാനയിലെ മേവാത്തില്‍ പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിന്‍റെ ദൃക്സാക്ഷി മൊഴി പുറത്തുവന്നു. മീഡിയവൺ ചാനലാണ് മൊഴി പുറത്തുവിട്ടത്. മുന്‍ഫൈദെന്ന 25 കാരനെ പോലീസ് വെടിവച്ചത് ഒരു മീറ്റര്‍ ദുരത്ത് നിന്നാണെന്നും കൃത്യം നടത്താനായി പലതവണ സ്ഥലങ്ങള്‍മാറ്റിയെന്നും ദൃക്സാക്ഷി വിശദീകരിച്ചു.
വെടിവെക്കുന്നതിന് മുമ്പ് പൊലീസ് കൊലവിളി നടത്തിയെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
മുന്‍ഫൈദ് പോലീസ് ഏജന്‍റായിരുന്നുവെന്ന് വീട്ടുകാരും അറിയിച്ചു. വീട്ടില്‍ വെള്ളിയാഴ്ച രാത്രി ഉറങ്ങാനിരിക്കെയാണ് ഒന്നു കാണണമെന്നാവശ്യപ്പെട്ട് മുന്‍ഫൈദിനെ പൊലീസ് ഫോണില്‍ വിളിച്ചത്. പൊലീസ് ആവശ്യപ്പെട്ടപ്രകാരം പല സ്ഥലങ്ങളില്‍ കറങ്ങി ഏകദേശം മൂന്ന് മണിയോടെയാണ് രണ്ട് കൂട്ടുകാരോടുമൊത്ത് ഒരു പിക്കപ്പില്‍ അട്ട എന്ന സ്ഥലത്തെത്തിയത്.
"ഞങ്ങളെത്തുമ്പോള്‍ പോലീസിന്റെ ബൊലേറോ കാര്‍ അവിടെ ഉണ്ടായിരുന്നു, ഞങ്ങള്‍ മുന്നിലേക്ക് വണ്ടി നിറുത്താനാഞ്ഞപ്പോള്‍ പോലീസ് പറഞ്ഞു... 'ഓടുരുത് വെടി വെക്കും'.. രണ്ട് തവണ ഇത് പറഞ്ഞു.. ഞങ്ങള്‍ വണ്ടി നിറുത്തി. ഉടന്‍ പോലീസ് വെടിവെച്ചു. മുന്‍ഫൈദിന്‍റെ ശ്വാസം അപ്പോള്‍തന്നെ നിലച്ചിരുന്നു. ഉടന്‍ ഞങ്ങള്‍ റിവേഴസെടുത്തു രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് വീണ്ടും വെടി വെച്ചതോടെ വണ്ടി ഉപേക്ഷിച്ച് ഓടി.." ദൃക്സാക്ഷി പറയുന്നു.
ഭയം കാരണം ഒളിവിലായിരുന്ന സാക്ഷി കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്താമെന്നും മതിയായ സുരക്ഷ ഒരുക്കാമെന്നുമുള്ള അഭിഭാഷകരുടെ ഉറപ്പിനെ തുടര്‍ന്നാണ് തുറന്ന് പറച്ചിലിന് തയാറായത്. മറ്റൊരു സാക്ഷി ഇപ്പോഴും ഒളിവിലാണ്. ഗ്രാമത്തില്‍ പോലീസ് ഏജന്‍റായി പ്രവര്‍ത്തിച്ചിരുന്ന മറ്റു 5 യുവാക്കളും മുന്‍ഫൈദിന്‍റെ മരണത്തോടെ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.