ഇടിച്ചുനിരത്തൽ വംശീയ ഉന്മൂലനമല്ലെന്ന് ഹരിയാന സർക്കാർ ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: വർഗീയ സംഘർഷത്തെ തുടർന്ന് ഹരിയാനയിലെ ഏക മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ നൂഹിൽ നടന്ന ഇടിച്ചുനിരത്തൽ വംശീയ ഉന്മൂലനമല്ലെന്ന് ഹരിയാനയിലെ ബി.ജെ.പി സർക്കാർ ഹൈകോടതിയിൽ.ഒരു വിഭാഗത്തിന്റെ കെട്ടിടങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് ബുൾഡോസറുകൾ കയറ്റുകയായിരുന്നില്ലെന്നും സർക്കാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
നാലു ദിവസം തുടർന്ന ഇടിച്ചുനിരത്തൽ ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് സ്വമേധയാ കേസെടുത്ത് തടഞ്ഞ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഹരിയാന സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കേസ് രണ്ടാമതും പരിഗണിക്കുന്നതിന് തലേന്നാൾ സ്വമേധയാ നടപടിയെടുത്ത ബെഞ്ചിനെ കേസ് കേൾക്കുന്നതിൽനിന്ന് മാറ്റി ഹൈകോടതി ചീഫ് ജസ്റ്റിസ് മറ്റൊരു ബെഞ്ചിന് കൈമാറി.
ഇടിച്ചുനിരത്തിയ 443 കെട്ടിടങ്ങളിൽ 162 എണ്ണം സ്ഥിരവും 281 എണ്ണം താൽക്കാലികവുമാണ്. 354 പേരെ ബാധിച്ച ഇടിച്ചുനിരത്തലിൽ 283 മുസ്‍ലിംകളും 71 പേർ ഹിന്ദുക്കളുമാണെന്ന് സത്യവാങ്മൂലം പറയുന്നു. നൂഹിലെ ഹിന്ദു -മുസ്‍ലിം ജനസംഖ്യാനുപാതം 80:20 ആണെങ്കിലും ഇടിച്ചുനിരത്തിയ കെട്ടിടങ്ങളുടെ അനുപാതം 70:30 ആണെന്ന് സർക്കാർ അവകാശപ്പെട്ടു.
2011ലെ സെൻസസ് പ്രകാരം നൂഹിലെ ജനസംഖ്യ 10,89,263 ആണെന്നും അതിൽ 79.20 ശതമാനം മുസ്‍ലിംകളും 20.37 ശതമാനം ഹിന്ദുക്കളുമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈകോടതികളും സുപ്രീംകോടതിയും സംസ്ഥാനങ്ങളോട് പലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും അതാണ് തങ്ങൾ ചെയ്തതെന്നും ഇടിച്ചുനിരത്തുന്നതിനുമുമ്പ് എല്ലാ നിയമനടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.