ഹരിയാനയിൽ ബി.ജെ.പി സർക്കാറിന്റെ സത്യപ്രതിജ്ഞ 17ന്; മോദി പങ്കെടുക്കും
text_fieldsന്യൂഡൽഹി: ഹരിയാനയിൽ ബി.ജെ.പി സർക്കാർ ഒക്ടോബർ 17ന് സത്യപ്രതിജ്ഞ ചെയ്യും. നയാബ് സൈനി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നന്ദ്രേമോദിയും ഉന്നത ബി.ജെ.പി നേതാക്കളും പങ്കെടുക്കും. ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.
രണ്ടാംതവണയാണ് സൈനി ഹരിയാന മുഖ്യമന്ത്രിയാകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മനോഹർ ലാൽ ഖട്ടാർ രാജിവെച്ചതോടെ കഴിഞ്ഞ മാർച്ചിലാണ് സൈനി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ, അപ്രതീക്ഷിതമായാണ് ബി.ജെ.പി നേതൃത്വം സൈനിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം സൈനിയെ മാറ്റുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ജാതിസമവാക്യം നിർണായക ശക്തിയായ സംസ്ഥാനത്ത് ബി.ജെ.പിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സൈനിക്ക് വീണ്ടും അവസരം നൽകാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
വ്യാപാരികൾക്കും യുവാക്കൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ ജീവനക്കാർക്കും പ്രയോജനമുള്ള പദ്ധതികൾ നടപ്പാക്കി ഖട്ടാർ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം സൈനി മാറ്റിയെന്നാണ് മറ്റ് നേതാക്കൾ വാദിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് 200 ദിവസം മുമ്പാണ് സൈനി മുഖ്യമന്ത്രിയായത്.
മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 14 പേരുണ്ടാകും. 11 പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. മഹിപാൽ ധണ്ട, മൂൽ ചന്ദ് ശർമ എന്നിവരെ മന്ത്രിസഭയിൽ നിലനിർത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.