കർണാൽ പൊലീസ് ലാത്തിചാർജിൽ ജുഡീഷ്യൽ അന്വേഷണം; കർഷക പ്രതിഷേധം അവസാനിപ്പിച്ചു
text_fieldsന്യൂഡൽഹി: ആഗസ്റ്റ് 28ലെ പൊലീസ് ലാത്തിചാർജുമായി ബന്ധപ്പെട്ട് ഹരിയാനയിലെ കർണാലിൽ ജില്ല ആസ്ഥാനം വളഞ്ഞ് കർഷകർ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസ് ലാത്തിചാർജിൽ കർഷകൻ മരിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം അഞ്ചുദിവസം പിന്നിട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താമെന്ന് ഹരിയാന സർക്കാർ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ലാത്തിച്ചാർജിന് ഉത്തരവിട്ട സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ആയുഷ് സിൻഹക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തും. കൂടാതെ ഇദ്ദേഹത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും കർഷകർക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ അഡീഷനൽ ചീഫ് സെക്രട്ടറി ദേവേന്ദർ സിങ് പറഞ്ഞു.
ലാത്തിച്ചാർജിൽ പരിക്കേൽക്കുകയും പിന്നീട് മരിക്കുകയും ചെയ്ത കർഷകനായ സുഷീൽ കാജലിന്‍റെ ബന്ധുവിന് ജോലി നൽകാനും സർക്കാർ തീരുമാനിച്ചു. ലാത്തിചാർജിൽ പരിക്കേറ്റാണ് കർഷകൻ മരിച്ചതെന്ന കാര്യം സർക്കാർ നേരത്തേ നിഷേധിച്ചിരുന്നു.
സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ അഞ്ചുദിവസമായി ജില്ല ആസ്ഥാനത്ത് നടത്തിവന്ന പ്രതിഷേധം അവസാനിപ്പിക്കുന്നതായി കർഷക നേതാവ് ഗുർണാം സിങ് ചദുനി പറഞ്ഞു.
കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയായിരുന്നു കർണാലിൽ ആഗസ്റ്റ് 28ലെ കർഷക സമരം. എന്നാൽ, പ്രതിഷേധിച്ച കർഷകർക്ക് നേരെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തുകയായിരുന്നു. 10ഓളം പേർക്ക് പരിക്കേൽക്കുകയും ഒരു കർഷകൻ മരിക്കുകയും ചെയ്തു. തലക്ക് പരിക്കേറ്റ കർഷകന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.