ഡൽഹിക്ക് പിന്നാലെ രാജ്യത്ത് മികച്ച കോവിഡ് മുക്തി നിരക്ക് ഹരിയാനയിൽ
text_fieldsചണ്ഡീഗഡ്: തലസ്ഥാന നഗരിയായ ഡൽഹിക്ക് പിന്നാലെ രാജ്യത്ത് ഏറ്റവും മികച്ച കോവിഡ് മുക്തി നിരക്ക് ഹരിയാനയിൽ. കോവിഡ് വിതച്ച നാശത്തിൽനിന്ന് കരകയറുന്ന ഡൽഹിയിൽ രോഗമുക്തി 89.57 ശതമാനമാണ്. 81.97 ശതമാനം രോഗമുക്തി നിരക്കോടെയാണ് ഹരിയാന രണ്ടാമതുള്ളത്. 65.4 ശതമാനമാണ് നിലവിൽ ദേശീയതലത്തിലെ രോഗമുക്തി നിരക്ക്.
ഓഗസ്റ്റ് രണ്ടിലെ കണക്ക് പ്രകാരം ഹരിയാനയിലെ മരണനിരക്ക് 1.18 ശതമാനമാണ്. ഡൽഹിയിൽ ഇത് 2.91 ശതമാനവും ദേശീയ ശരാശരി 2.11 ശതമാനവുമാണ്. ഹരിയാനയുടെ സമീപ സംസ്ഥാനങ്ങളായ പഞ്ചാബിൽ 2.4 ശതമാനം, രാജസ്ഥാനിൽ 1.6 ശതമാനം, യു.പിയിൽ 1.9 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്. അതേസമയം, ഹിമാചൽ പ്രദേശിൽ 0.5 ശതമാനമാണിത്.
ഹരിയാനയുടെ അയൽസംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്കും ഏറെ കുറവാണ്. ഹിമാചൽ -57, പഞ്ചാബ്-64.9, യു.പി -57.6, രാജസ്ഥാൻ 70.3 എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്.
മേഘാലയ-30.21 ശതമാനം, നാഗാലാൻഡ്-31.94 ശതമാനം, ആന്തമാൻ നിക്കോബാർ -33.14, ജാർഖണ്ഡ്-37.28 ശതമാനം എന്നിവയാണ് രോഗമുക്തി നിരക്കിൽ ഏറെ പിന്നിലുള്ള മേഖലകൾ.
ഒന്നാംഘട്ട ലോക്ഡൗൺ ഇളവ് മുതൽ ഹരിയാനയിലെ രോഗമുക്തി നിരക്ക് കൃത്യമായ ഉയർച്ചയിലായിരുന്നു. ജൂലൈ 12 മുതൽ ഇത് 75 ശതമാനത്തിനും മുകളിലെത്തി.
തിങ്കളാഴ്ച ഹരിയാനയിൽ 654 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഴ് മരണവുമുണ്ടായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,173 ആയും മരണസംഖ്യ 440 ആയും ഉയർന്നു. 30,470 പേരും രോഗമുക്തി നേടി. 6263 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൂടുതൽ പരിശോധന നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഹരിയാന.
രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ നേരത്തെ തിരിച്ചറിയാൻ സാധിക്കുന്നതും ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമാണ് ഹരിയാനയുടെ മികവിന് പിന്നിലെന്ന് ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി രാജീവ് അറോറ പറയുന്നു.
കേന്ദ്ര സർക്കാറിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ ഹരിയാന സർക്കാർ കർശനമായി നടപ്പാക്കിയിട്ടുണ്ട്. സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയാൻ നിർദേശിക്കുന്നു. കൺട്രോൾ റൂം വഴിയും ആരോഗ്യ സംഘങ്ങളുടെ വീട് സന്ദർശനങ്ങൾ വഴിയും ദിവസേന നിരീക്ഷണം നടത്തുന്നു. കൃത്യമായ മുൻകൂർ ആസൂത്രണം നടത്തുന്നു. അടിസ്ഥാന സൗകര്യങ്ങളും ഡോക്ടർമാരെയും ഒരുക്കുന്നു. ക്ലിനിക്കൽ മാനേജുമെന്‍റ് ആസൂത്രണത്തിനായി വീഡിയോ കോൺഫറൻസിലൂടെ വിദഗ്ധരുടെ ചർച്ചകൾ നടക്കുന്നു. മെച്ചപ്പെട്ട നിരീക്ഷണത്തിലൂടെയും രോഗികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വളരെ നേരത്തെ എത്തിക്കുന്നതിലൂടെയും മരണനിരക്ക് കുറയ്ക്കുന്നതിനും രോഗമുക്തി ഉയർത്തുന്നതിനും ഞങ്ങൾ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട് -അദ്ദേഹം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.