ഒമിക്രോൺ ഭീതി: ഹരിയാനയിലും രാത്രി കർഫ്യു; ഇരുന്നൂറിൽ കൂടുതൽ പേർ ഒത്തുചേരുന്നതും നിരോധിച്ചു
text_fieldsന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഹരിയാന സർക്കാറും രാത്രി കർഫ്യു നടപ്പാക്കി. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പൊതുസ്ഥലങ്ങളിലും പരിപാടികളിലും ഇരുന്നൂറിൽ കൂടുതൽ പേർ ഒത്തുകൂടുന്നതും നിരോധിച്ചു.
കോവിഡ്, ഒമിക്രോൺ കേസുകൾ വർധിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് ജനുവരി ഒന്നു മുതൽ മാളുകളിലും തിയറ്ററുകളിലും റസ്റ്റാറന്‍റുകളിലും പ്രവേശിക്കുന്നതിന് നേരത്തെ തന്നെ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ നിയന്ത്രണം.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താൻ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയതായും സംസ്ഥാന ആഭ്യന്തര, ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ 17 സംസ്ഥാനങ്ങളിലായി 358 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.