കദനഭാരം മറന്ന് വിനേഷ് തെരഞ്ഞെടുപ്പ് ഗോദയിൽ
text_fieldsസ്നേഹഭാരം നിറഞ്ഞ ഹാരങ്ങളുമായി കാത്തിരിക്കുന്നവർക്ക് നടുവിലേക്ക് തീർത്തും നിഷ്കളങ്കമായ പുഞ്ചിരിയുമായി വിനേഷ് ഫോഗട്ട് വന്നിറങ്ങി. പ്രിയതാരത്തെ കാണാൻ രണ്ടു മണിക്കൂറിലേറെ കാത്തിരുന്നതിന്റെ പരിഭവമില്ലാതെ അവർ ചുറ്റുംകൂടി. മുതിർന്നവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയും സമപ്രായക്കാരെ കെട്ടിപ്പിടിച്ചും സെൽഫിക്ക് നിന്നുകൊടുത്തും നിമിഷങ്ങൾക്കുള്ളിൽ വിനേഷ് അവരിലൊരാളായി.
സാഹചര്യങ്ങളാണ് തന്നെ രാഷ്ട്രീയത്തിന്റെ ഗോദയിലേക്ക് കൈപിടിച്ചിറക്കിയതെന്നു വ്യക്തമാക്കിയാണ് വിനേഷ് സംസാരിച്ചു തുടങ്ങിയത്. പാരിസ് ഒളിമ്പിക്സിലുണ്ടായ കടുത്ത പ്രതിസന്ധി ഘട്ടത്തിൽ ഫോണിൽപോലും ഒന്നുവിളിക്കാൻ കൂട്ടാക്കാത്ത നരേന്ദ്ര മോദിയെ കടന്നാക്രമിച്ചാണു തുടക്കം. പിന്നെ രാജ്യത്തെ കർഷകരുടെ ദുരവസ്ഥകളിലേക്ക് വിരൽചൂണ്ടി, അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിവസരങ്ങളില്ലാത്തത്, മണ്ഡലത്തിലെ വികസനം ഉൾപ്പെടെയുള്ള വിഷയങ്ങൾ എണ്ണിയെണ്ണിപ്പറയുമ്പോൾ കേട്ടിരിക്കുന്നവർ ഗുസ്തിക്കാരിയല്ലാത്ത മറ്റൊരു വിനേഷ് ഫോഗട്ടിനെ കാണുകയായിരുന്നു. കന്നിയങ്കത്തിന്റെ ആശങ്കയേതും കാണാനില്ല. അനീതിയുടെ കൈയാമങ്ങൾ തകർത്തെറിയാൻ തന്റെ പോരാട്ടം കടുപ്പിക്കുമെന്ന് പറഞ്ഞു വിനേഷ് പ്രസംഗം അവസാനിപ്പിക്കുമ്പോൾ നിലക്കാത്ത കൈയടികളും ‘ഹമാരാ ബേഠി’ എന്ന വിളികളുമായി സ്ത്രീകളുടെ സംഘം അവരെ പൊതിഞ്ഞു.
ഹരിയാനയിൽ വിനേഷിന്റെ രാഷ്ട്രീയ പ്രവേശനം കോൺഗ്രസിനും പുതുജീവനേകിയിട്ടുണ്ട്. ഇതര മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പോസ്റ്ററുകളിൽ പതിച്ചിരിക്കുന്ന വിനേഷിന്റെ ചിത്രം തന്നെ അതിന്റെ തെളിവാണ്. അഭിമാനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാണവളെന്നും വിജയം ഉറപ്പാണെന്നും ജുലാനെയിലെ കോൺഗ്രസ് നേതാവായ ധർമേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞകാലങ്ങളിൽ ചിതറിപ്പോയ ജാട്ട് സമുദായ വോട്ടുകൾ വിനേഷിലൂടെ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഹരിയാനയിലെ സംസ്ഥാന നേതൃത്വവും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജുലാനായിൽ കോൺഗ്രസിന് ലഭിച്ചത് ഒമ്പത് ശതമാനം മാത്രം വോട്ടുകളാണ്. ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പിക്കായിരുന്നു വിജയം. ബി.ജെ.പി രണ്ടാം സ്ഥാനത്തും എത്തി. സിറ്റിങ് എം.എൽ.എ അമർജീത് തന്നെയാണ് ഇക്കുറിയും ജെ.ജെ.പി സ്ഥാനാർഥി. ക്യാപ്റ്റന് യോഗേഷ് ബൈരാഗിയാണ് ബി.ജെ.പി ഇറക്കിയിരിക്കുന്നത്. ദേശീയ ഗുസ്തി താരം കവിത ദലാലിനെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയാക്കിയതോടെ ഗുസ്തിക്കാർ തമ്മിൽ മത്സരിക്കുന്ന മണ്ഡലം എന്ന തലത്തിലും ജുലാന ശ്രദ്ധിക്കപ്പെടുന്നുണ്ട്. ലോകമെമ്പാടും ആരാധകരുള്ള വിനോദ ഗുസ്തി ഇനമായ വേൾഡ് റെസ്ലിങ് എന്റർടൈൻമെന്റിൽ മത്സരിച്ച ആദ്യ ഇന്ത്യൻ വനിതയാണ് കവിത. ജുലാനയിലെ ജാട്ട്, കർഷക കുടുംബത്തിൽ ജനിച്ച കവിതയെ ‘ജുലനാ കാ ബേട്ടി’ എന്ന് വിശേപ്പിച്ചാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ജമ്മു-കശ്മീരിനെ വീണ്ടും സംസ്ഥാനമാക്കും -മോദി
ജമ്മു: ജമ്മു-കശ്മീരിനെ വീണ്ടും സംസ്ഥാനമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രഭരണ പ്രദേശമാക്കിയത് താൽക്കാലിക നടപടിയാണെന്നും എം.എ.എം സ്റ്റേഡിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. കോൺഗ്രസും എൻ.സിയും പി.ഡി.പിയും ദേഷ്യത്തിലാണ്. കാരണം, ഇവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അവർക്ക് ദഹിക്കുന്നില്ല. വീണ്ടും പഴയ ഭരണ സമ്പ്രദായം കൊണ്ടുവരാൻ സർക്കാറുണ്ടാക്കുമെന്നാണ് ഈ പാർട്ടികൾ പറയുന്നത്.
ജമ്മു-കശ്മീരിന് വൻ നഷ്ടങ്ങളുണ്ടാക്കിയ അതേ വിവേചന നയങ്ങളാണ് അവർ ലക്ഷ്യമിടുന്നത്. ഈ മൂന്നു പാർട്ടികളുടെയും നേതൃത്വത്തിലുള്ള നയങ്ങൾകൊണ്ട് ജമ്മു മേഖല വൻ അനീതിയാണ് നേരിട്ടതെന്ന് മോദി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.