മതം മാറാൻ മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരണം നൽകണം, നിർബന്ധിത മതംമാറ്റത്തിന് അഞ്ചുവർഷം തടവ്; ഹരിയാനയിൽ പുതിയനിയമത്തിന് ചട്ടങ്ങളായി
text_fieldsചണ്ഡിഗഢ്: നിർബന്ധിത മതംമാറ്റം തടയുന്ന നിയമത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തി ഹരിയാന സർക്കാർ. മേലിൽ ഇവിടെ മതംമാറണമെങ്കിൽ, ജില്ല മജിസ്ട്രേറ്റ് മതം മാറ്റം സംബന്ധിച്ച് പൊതു അറിയിപ്പ് നൽകണം. ഈ വർഷം മാർച്ചിലാണ് ഹരിയാന നിയമസഭ വിവാദ നിയമം പാസാക്കിയത്. ഡിസംബർ 15നാണ് നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളായത്. സമാന നിയമങ്ങൾ ഹിമാചൽ പ്രദേശിലും ഉത്തർപ്രദേശിലും പാസാക്കിയിരുന്നു.
ഹരിയാന നിയമത്തിലെ ചില പ്രധാന നിർദേശങ്ങൾ:
മതം മാറ്റം ആഗ്രഹിക്കുന്ന ആൾ നടപടിക്കുമുമ്പ് അയാൾ താമസിക്കുന്ന ജില്ലയിലെ മജിസ്ട്രേറ്റ് മുമ്പാകെ നിശ്ചിത ഫോമിൽ വിശദീകരണം നൽകണം. മതം മാറുന്നത് പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ രക്ഷിതാക്കൾ ഈ വിശദീകരണം നൽകണം. മതംമാറ്റത്തിന്റെ കാരണം, എസ്.സി, എസ്.ടി സമുദായക്കാരാണോ, തൊഴിൽ, വരുമാനം തുടങ്ങിയവ വ്യക്തമാക്കണം.
തുടർന്ന് മജിസ്ട്രേറ്റ് മതംമാറ്റം സംബന്ധിച്ച വിവരം പരസ്യപ്പെടുത്തും. എതിർപ്പ് അറിയിച്ച് പരാതി ലഭിച്ചാൽ അന്വേഷണം നടത്തും. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ, മതംമാറിയ സർട്ടിഫിക്കറ്റ് നൽകും. മതം മാറ്റ ചടങ്ങ് സംഘടിപ്പിക്കാൻ നേരത്തെ അനുമതി വാങ്ങണം. നിർബന്ധിത മതംമാറ്റത്തിന് അഞ്ചുവർഷം വരെ തടവും ഒരു ലക്ഷത്തിൽ കുറയാതെ പിഴയും ലഭിക്കാം.
വിവാഹത്തിനായി മതവിവരം മറച്ചുവെക്കുന്നതിനും ശിക്ഷയുണ്ട്. കൂട്ടമതപരിവർത്തനം നടത്തിയാൽ പത്തുവർഷം വരെയാണ് തടവ്. നാലുലക്ഷം വരെ പിഴയും ലഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.