ഹരിയാനയിൽ 9 മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് ജൂലൈ 16ന് സ്കൂൾ തുറക്കും
text_fieldsചണ്ഡിഗഡ്: കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജൂലൈ 16ന് സ്കൂൾ തുറക്കാൻ ഹരിയാന സർക്കാർ തീരുമാനം. 9 മുതൽ 12 വരയെുള്ള ക്ലാസുകളാണ് ജൂലൈ 16ന് തുടങ്ങുക. 6 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 23നാണ് ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുക. സർക്കാർ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും ക്ലാസ് തുടങ്ങും. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസ് തുടരും.
ഡയറക്ടറേറ്റ് സ്കൂള്‍ എജ്യുക്കേഷനാണ് സ്കൂളുകള്‍ തുറക്കുന്ന തിയതി സംബന്ധിച്ച് ഉത്തരവിറക്കിയത്. വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് വരണമെന്ന് നിര്‍ബന്ധമില്ല. നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്കൂളുകളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണമെന്നും ഉത്തരവില്‍ പറയുന്നു.
ഹരിയാനയില്‍ കോവിഡ് നിയന്ത്രണവിധേയമായതോടെയാണ് സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ പറഞ്ഞു. സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ തുടങ്ങുക.
ചെറിയ ക്ലാസ്സിലെ കുട്ടികളുടെ ക്ലാസുകള്‍ തുടങ്ങുന്ന കാര്യം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് ഒന്നാം തരംഗം നിയന്ത്രണവിധേയമായതോടെ ഹരിയാനയില്‍ സ്കൂളുകള്‍ തുറന്നിരുന്നു. രണ്ടാം തരംഗം തുടങ്ങിയതോടെയാണ് സ്കൂളുകള്‍ വീണ്ടും അടച്ചത്. ഹരിയാനയില്‍ ഇന്ന് 55 കോവിഡ് കേസുകളും 10 മരണങ്ങളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. നിലവില്‍ കോവിഡ് പോസിറ്റീവായിട്ടുള്ളവരുടെ എണ്ണം 1034 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.