ചാണകത്തിൽ നിന്ന് ഇഷ്ടികയും സിമന്‍റും പെയിന്‍റും നിർമിച്ച് ഹരിയാന പ്രഫസർ
text_fieldsറോഹ്തക്: ചാണകത്തിൽനിന്ന് 'കൊറോണ മരുന്ന്' കണ്ടെത്തിയ വാർത്തയായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽമീഡിയയിലെ വൈറൽ. കോറോണ വരാതിരിക്കാൻ നിരന്നുനിന്ന് ചാണകത്തിലും പശുമൂത്രത്തിലും കുളിക്കുന്നവരുടെ ചിത്രങ്ങളും ചൂടപ്പംപോലെ പ്രചരിച്ചു. എന്നാൽ, വ്യത്യസ്തമായ ചില ചാണക ഉൽപന്നങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിയാന റോഹ്തക് ജില്ലയിലെ മേദിന സ്വദേശിയായ പ്രഫസർ ശിവദർശൻ മാലിക്. ഇഷ്ടികയും സിമന്‍റും പെയിന്‍റുമാണ് ഇദ്ദേഹം ചാണകത്തിൽനിന്ന് നിർമിച്ചത്.
കൊറോണ വരാതിരിക്കാൻ ചാണകത്തിൽ കുളിച്ച് ഒടുവിൽ മറ്റു പല രോഗങ്ങളും വന്നതുപോലെ ആകുമോ ഇതും എന്ന ചോദ്യവുമായാണ് നെറ്റിസൺസ് ഈ പുതിയ കണ്ടുപിടുത്തത്തെ നേരിടുന്നത്. എന്നാൽ, ആറ് വർഷമായി താൻ ചാണകത്തിൽ നിന്ന് സിമൻറ്, ഇഷ്ടിക, പെയിന്‍റ് എന്നിവ ഉത്പാദിപ്പിക്കുന്നതായി രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ ശിവദർശൻ പറയുന്നു. നിരവധി പേർക്ക് ഇതിൽ പരിശീലനവും നൽകിയിട്ടുണ്ട്. ചാണകത്തിൽനിന്ന് ബയോഗ്യാസ് ഉണ്ടാക്കുന്ന കർഷകർ ബാക്കിവരുന്ന ചാണകം വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപെട്ടപ്പോഴാണ് ഇദ്ദേഹം പുതിയ പരിക്ഷണത്തിന് മുതിർന്നത്.
ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ചശേഷം വലിയ അളവിൽ ചാണകം പാഴാക്കുകയോ ചാണക വറളി ഉണ്ടാക്കാൻ മാത്രം ഉപയോഗിക്കുകയോ ചെയ്യുന്നുവെന്നാണ് ശിവദർശൻ പറയുന്നത്. ഇന്ത്യയിൽ പ്രതിദിനം 33 മുതൽ 40 ദശലക്ഷം ടൺ വരെ ചാണകമാണ് ഉത്പാദിപ്പിക്കുന്നത്. ചാണകത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം അതിന്‍റെ താപനിയന്ത്രണ കഴിവിലാണ് ശ്രദ്ധയൂന്നിയത്. ശൈത്യകാലത്ത് വീടുകളെ ചൂടാക്കാനും വേനൽക്കാലത്ത് തണുപ്പിക്കാനും ഈ കഴിവ് ഉപയോഗിക്കാമെന്ന് ഇദ്ദേഹം പറയുന്നു.
റോഹ്തകിലെ ഒരു കോളജിൽ ഏതാനും മാസം പ്രഫസറായി ജോലി ചെയ്ത ഡോ. ശിവദർശൻ മാലിക് 2004 ൽ ഡൽഹി ഐഐടിയും ലോക ബാങ്കും സ്പോൺസർ ചെയ്ത റിന്യൂവബിൾ എനർജി പ്രോജക്ടിൽ ചേർന്നു. 2005 ൽ യുഎൻഡിപി പദ്ധതിയിൽ പ്രവർത്തിച്ചു. ഇതിനിടയിൽ, അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പോകാനുള്ള അവസരം ലഭിച്ചു, അവിടെ പരിസ്ഥിതി സൗഹൃദ വീടുകൾ നിർമ്മിക്കുന്ന രീതികൾ പഠിച്ചു.
ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമാണ് ചാണകത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം ആരംഭിച്ചത്. 2015-16ലാണ് ചാണകം, ജിപ്സം, കളിമണ്ണ്, ലൈം എന്നിവ ചേർത്ത് സിമന്‍റ് ഉണ്ടാക്കിയത്. വേദ പ്ലാസ്റ്റർ എന്ന പേരിലായിരുന്നു ഇത്. തുടർന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ ചാണക ഇഷ്ടിക നിർമാണ യൂണിറ്റ് സ്ഥാപിച്ചു. ചൂളയിൽ ചുട്ടെടുക്കുകയോ വെള്ളം ഉപയോഗിക്കുകയോ ചെയ്യാതെയാണ് നിർമാണം. ഇവിടെ 15 പേർ ജോലി ചെയ്യുന്നുണ്ട്. കൂടാതെ, ചാണകത്തിൽ നിന്ന് വിവിധ വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള മൂന്ന് ദിന പരിശീലനവും ഇവിടെ നൽകുന്നുണ്ട്. 2019ൽ ചാണകത്തിൽ നിന്ന് പെയിൽ നിർമ്മിക്കാൻ തുടങ്ങി.
ഇതുവരെ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നൂറിലധികം പേർക്ക് പരിശീലനം നൽകി. ഇവർ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഈ ഉൽപന്നങ്ങൾ ഉണ്ടാക്കി ഉപജീവനം നടത്തുന്നതായി ഇദ്ദേഹം പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൽ കലാം തന്‍റെ കണ്ടുപിടിത്തത്തെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായും ഡോ. ശിവദർശൻ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.